തിരുവനന്തപുരം: വാഹനം വിറ്റു, പക്ഷെ പേര് മാറിയിട്ടില്ല, ട്രാഫിക് നിയമ ലംഘനത്തിന് നോട്ടീസ് വന്നു, ഇനി എന്ത് ചെയ്യണം എന്ന പരാതികളുമായാണ് മോട്ടോർ വാഹന ഓഫീസിൽ ഇപ്പോൾ കൂടുതൽ ആളുകൾ എത്തുന്നത്. ഈ സാഹചര്യത്തിൽ വാഹനം വിൽക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യം വിശദമാക്കി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.
Read Also: ഏക സിവിൽ കോഡ്: കോൺഗ്രസിന് ഇനിയും വ്യക്തത വന്നിട്ടില്ലെന്ന് എം വി ഗോവിന്ദൻ
മോട്ടോർ വാഹന നിയമം സെക്ഷൻ 2 (30) പ്രകാരം ഒരു വാഹനം ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിട്ടുള്ളത് അയാളാണ് വാഹനത്തിന്റെ രജിസ്‌ട്രേഡ് ഓണർ എന്നറിയപ്പെടുന്നത്. ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകൾ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയിൽ അപേക്ഷ സമർപ്പിച്ച്, പേരുമാറ്റാത്തിടത്തോളം കാലം നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഉടമസ്ഥൻ ആണ് എല്ലാ ബാധ്യതകൾക്കും കേസുകൾക്കും ബാധ്യസ്ഥമാകുന്നത് എന്ന് സുപ്രീംകോടതിയുടേത് അടക്കം നിരവധി കോടതിവിധികൾ നിലവിലുണ്ട്. വാങ്ങുന്ന ആൾ പേരുമാറ്റും എന്നുള്ള ധാരണയിൽ ഒരു കാരണവശാലും സ്വന്തം വാഹനം പേരു മാറ്റാതെ നൽകരുത്. ഭാവിയിൽ അത് നിങ്ങളെ ഊരാക്കുടുക്കിലേക്ക് നയിച്ചേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
യൂസ്ഡ് കാർ ഷോറൂമിലോ മറ്റ് കാർ എക്‌സ്‌ചേഞ്ച് മേളകളിലോ ഇടനില കച്ചവടക്കാർക്കോ വാഹനം കൈമാറുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള സാഹചര്യത്തിലേക്കാണ് നമ്മളെ നയിക്കുക. വാഹനം ഏതെങ്കിലും അപകടത്തിൽ പെട്ടാലോ ട്രാഫിക് നിയമലംഘനത്തിനുള്ള ക്യാമറയിലോ മറ്റു കേസുകളിലോ ഉൾപ്പെട്ടാലോ ഏതെങ്കിലും ക്രിമിനൽ കേസുകൾക്ക് ഉപയോഗിക്കപ്പെട്ടാലോ നിനച്ചിരിക്കാതെ നാം കോടതി കയറിയേണ്ടി വരുന്ന സാഹചര്യം വരെ ഉണ്ടാകാം. പലപ്പോഴും വാഹനം പല കൈമറിഞ്ഞ് എവിടെയാണ് നിലവിൽ ഉപയോഗിക്കുന്നത് എന്നുപോലും അറിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നത് എന്നതിനാൽ ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും. സ്വന്തം വാഹനം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ആ വാഹനത്തിന്റെ ഉടമസ്ഥത പുതിയ ആളിലേക്ക് മാറ്റുന്നു എന്നുള്ളത് സ്വന്തം ഉത്തരവാദിത്തമായി നിലവിലുള്ള ഉടമ ഏറ്റെടുക്കേണ്ടതുണ്ട്.
മുൻപ് വാങ്ങുന്ന ആളായിരുന്നു അയാളുടെ പരിധിയിലെ ഓഫീസിൽ പേര് മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ പലപ്പോഴും ഇത് പേര് മാറ്റാതിരിക്കുന്നത് കൊണ്ടും കച്ചവടക്കാർ പേരു മാറ്റാതെ കൈമാറ്റം ചെയ്യുകയും യഥാർത്ഥ ഉടമസ്ഥൻ ഊരാക്കുടുക്കിൽ പെടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നതുകൊണ്ടും സർക്കുലർ 10/2020 പ്രകാരം വിൽക്കുന്ന ആൾക്കോ വാങ്ങുന്ന ആൾക്കോ അവരുടെ അതാത് ഓഫീസിൽ അപേക്ഷ നൽകി പേരു മാറ്റുന്നതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. നമ്മൾ വാഹനം വാങ്ങുന്ന ആളുടെ അഡ്രസ് പ്രൂഫ് വാങ്ങി പരിവാഹൻ സേവ എന്ന സൈറ്റ് വഴി നിലവിലുള്ള ഉടമസ്ഥന്റെയും വാങ്ങുന്ന ആളുടെയും മൊബൈൽ ഫോണിലേക്ക് വരുന്ന ഒടിപി എന്റർ ചെയ്തു അപേക്ഷ സമർപ്പിക്കുകയും അതിന് ആയതിന്റെ പ്രിന്റ് എടുത്ത് ഒപ്പിട്ട് ഒറിജിനൽ ആർസി ബുക്കും മറ്റ് രേഖകളും സഹിതം സ്വന്തം പരിധിയിലുള്ള ഓഫീസിൽ സമർപ്പിച്ചാൽ പുതിയതായി വാങ്ങിയ ആളുടെ പേരിലേക്ക് സ്പീഡ് പോസ്റ്റിൽ പേരുമാറ്റിയതിനുശേഷം ആർ സി ബുക്ക് അയച്ചു നൽകുന്നതാണ്. ഇങ്ങിനെ ചെയ്യുക വഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന എല്ലാ ഗുരുതരമായ പ്രശ്‌നങ്ങളിൽ നിന്നും നമുക്ക് പൂർണ്ണമായും മുക്തരാവാൻ സാധിക്കും.
ആധാർ അധിഷ്ഠിത ഫേസ് ലെസ് സർവീസ് (faceless service) ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഒറിജിനൽ ആർസി ബുക്ക് ആർടിഒ ഓഫീസിൽ സമർപ്പിക്കാതെ തന്നെ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനും ഒറിജിനൽ ആർസി ബുക്ക് പുതിയ ഉടമസ്ഥന് നൽകി കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കുകയും ചെയ്താൽ മതിയാകുന്നതാണെന്ന് മോട്ടോർ വാഹന വകുപ്പ് കൂട്ടിച്ചേർത്തു.
Read Also: മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കും: കെ സുധാകരൻ
Post Your Comments