Latest NewsKerala

മാധ്യമവേട്ടയില്‍ നിന്നും പൊലീസിനെ പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് ഇതു കണ്ടില്ലെന്ന് നടിക്കാനാവില്ല: സെബാസ്റ്റ്യൻ പോള്‍

ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിക്കെതിരെയുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ സിപിഎം എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോള്‍. കേന്ദ്ര സര്‍ക്കാര്‍ ബിബിസിക്കെതിരെ നടത്തിയ റെയ്ഡ് അപലപിച്ചവര്‍ ഇതും അപലപിക്കണം. അപകീര്‍ത്തി കേസില്‍ പൊലീസ് ഇത്ര സന്നാഹത്തോടെ നീങ്ങണമോയെന്ന് അദ്ദേഹം ചോദിച്ചു. മാധ്യമ സ്ഥാപനത്തിനെതിരെ ഇത്തരം ഒരു നടപടിയെടുക്കാന്‍ ആര്‍ക്കും അധികാരമില്ല.

പൊലീസ് നടപടികളോട് കടുത്ത വിയോജിപ്പുണ്ട്. മറുനാടന്‍ മലയാളിയുടെയും ഷാജന്‍ സ്‌കറിയയുടെയും മാധ്യമ പ്രവര്‍ത്തനത്തോടും യോജിപ്പില്ല. ഒരു എംഎല്‍എ നല്‍കിയ അപകീര്‍ത്തി കേസില്‍ ഇത്രവലിയ പൊലീസ് സന്നാഹം എന്തിനാണ്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസില്‍ കയറി തെളിവ് ശേഖരണമെന്ന് പറഞ്ഞ് കൊണ്ട് കമ്പ്യൂട്ടറുകളും ക്യാമറയും എടുത്തുകൊണ്ട് പോകുന്നത് ശരിയല്ല. ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ പരിശോധന നടത്തി എന്താണ് പൊലീസിന് നേടിയെടുക്കേണ്ടത്.

പൊലീസ് തേര്‍വാഴ്ച്ച എന്ന പദം തന്നെയാണ് ഉപയോഗിക്കേണ്ടത്. കഠിനമായ ഭാഷയില്‍ അപലപിക്കേണ്ട കാര്യങ്ങളാണ് ഷാജന്‍ സ്‌കറിയയുടെ കാര്യത്തില്‍ പൊലീസ് നടത്തികൊണ്ടിരിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രിക്ക് ഇതുകണ്ടില്ല, അറിഞ്ഞില്ല എന്നു നടിക്കാനാവില്ല. അതുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പൊലീസിനെ പിന്‍വലിക്കണമെന്നും സെബാസ്റ്റ്യൻ പോള്‍ പറഞ്ഞു.

കേരള പൊലീസില്‍ വന്‍തോതില്‍ ചില നുഴഞ്ഞുകയറ്റങ്ങള്‍ നടന്നുവെന്ന് അടുത്തിടെ കേട്ടിരുന്നു. ആ കേള്‍വികള്‍ ശരിയാണെന്ന് തോന്നിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തികച്ചു ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് പൊലീസ് നടത്തുന്നത്.

ഇത്തരം പൊലീസ് ക്രിമിനല്‍ നടപടികളെ തിരുത്തിക്കേണ്ടത് സിപിഎം പാര്‍ട്ടിയാണ്. പാര്‍ട്ടി ഇക്കാര്യത്തില്‍ ഗൗരവകരമായ ആലോചന നടത്തണം. സര്‍ക്കാരിന്റെ പല കാര്യങ്ങളെ പിന്തുണക്കുന്ന ആളാണ് ഞാന്‍. പക്ഷേ, ഇക്കാര്യത്തില്‍ സര്‍ക്കാരിനെയും പൊലീസിനെയും ന്യായീകരിക്കാന്‍ സാധ്യമല്ല. മാധ്യമ വേട്ട നടത്തുന്ന പൊലീസിനെ മുഖ്യമന്ത്രി തിരുത്തിക്കണമെന്നും ഡോ. സെബാസ്റ്റ്യൻ പോള്‍ ആവശ്യപ്പെട്ടു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button