Latest NewsKeralaNews

പ്ലസ് വൺ പ്രവേശനം ലഭിക്കാതെ പോയ വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം കിട്ടാത്ത മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലേയും മറ്റ് ജില്ലകളിലേയും വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിച്ച് അവർക്ക് തുടർപഠനത്തിനുള്ള സൗകര്യങ്ങൾ സജ്ജീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: കടയില്‍ അതിക്രമിച്ച് കയറി ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവം: പ്രതികള്‍ പിടിയില്‍

3,16,772 വിദ്യാർഥികളാണ് സംസ്ഥാനത്തൊട്ടാകെ പ്ലസ് വൺ പ്രവേശനം നേടിയത്. ജൂലൈ 8 മുതൽ 12 വരെ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് നടക്കും. ജൂലൈ 16 ഓടെ സപ്ലിമെന്ററി അലോട്ട്മെൻറ് നടപടികൾ പൂർത്തിയാകുന്നതോടെ പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യഘട്ടം കഴിയും. ഇതിനു ശേഷമായിരിക്കും ഒട്ടേറെ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചില്ല എന്ന് പരാതി വന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ശേഖരിക്കുക. എല്ലാ വിദ്യാർഥികളുടെയും ഉപരിപഠനം സാധ്യമാക്കാൻ വേണ്ട കാര്യങ്ങൾ സർക്കാർ നിർവഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ചരിത്രത്തിൽ ആദ്യമായി പ്ലസ് വൺ അധ്യയനം വളരെ നേരത്തേ തുടങ്ങി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 25 നായിരുന്നു പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത്. ഇത്തവണ 50 ദിവസങ്ങൾ മുൻപ് ക്ലാസ് ആരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. നിലവിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥികളുടെ പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ ഈ വർഷം കൂടി പ്രത്യേകമായി സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ തന്നെ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നേരത്തെ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയ്ക്ക് ഒപ്പം നടത്താനായിരുന്നു തീരുമാനം. പ്ലസ് വൺ ഇംപ്രൂവ്മെന്റ്, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്തുന്നത് രണ്ട് പരീക്ഷകളും എഴുതേണ്ടവർക്ക് സമ്മർദം ഉണ്ടാക്കുമെന്ന പരാതിയെ തുടർന്നാണ് തീരുമാനം മാറ്റിയത്.

സ്‌കൂൾ ക്യാമ്പസിലെ മരങ്ങൾ അപകടമുണ്ടാക്കുന്ന നിലയിലാണെങ്കിൽ എത്രയും പെട്ടെന്ന് വെട്ടിമാറ്റണം എന്ന് മന്ത്രി നിർദേശിച്ചു. സാങ്കേതിക ന്യായങ്ങൾ പറഞ്ഞു മരങ്ങൾ മുറിച്ചു മാറ്റാതിരിക്കരുത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാവും. കാസർകോട് മരം തലയിൽ വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കും. നിരന്തര പരിശ്രമവും ഉത്സാഹവുമാണ് വിജയത്തിലേക്കുള്ള വഴിയെന്ന് മന്ത്രി വിദ്യാർഥികളെ ഓർമിപ്പിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ സുരേഷ്‌കുമാർ ആർ, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ആർ സിന്ധു, ആർഡിഡി സുധ കെ, പ്രിൻസിപ്പൽ വിനോദ് എം എം, വാർഡ് കൗൺസിലർ എസ് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

Read Also: സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഈ രോ​ഗത്തിന് സാധ്യത കൂടുതലെന്ന് പഠനം

shortlink

Related Articles

Post Your Comments

Related Articles


Back to top button