പത്തനംതിട്ട: അതിശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. ഡാമിലെ ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ 200 സെന്റിമീറ്റർ ഉയർത്തിയത്.
പമ്പയാറിന്റെയും കക്കാട്ടാറിൻ്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡാം തുറക്കുന്ന സാഹചര്യത്തിൽ കക്കാട്ടാറില്‍ 60 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. ബുധനാഴ്ച പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
Post Your Comments