ഇടുക്കി: അയൽവാസിയായ വീട്ടമ്മ വ്യാജ പീഡന പരാതി നൽകിയതിനെ തുടർന്ന് യുവാവിനെ അന്യായമായി ജയിലിടച്ചു എന്ന് ആരോപണം. യുവാവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിൻ്റെ കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരിക്കുകയാണ്. 45 ദിവസം യുവാവിനെ അനധികൃതമായി ജയിലിലടച്ചു എന്ന ആരോപണം ഉന്നയിച്ചാണ് കുടുംബവും പൗരാവലിയും രംഗത്തെത്തിയിരിക്കുന്നത്.
യുവാവിനോടുള്ള വ്യക്തി വെെരാഗ്യത്തിൻ്റെ പേരിലാണ് വീട്ടമ്മ കള്ളപരാതി നൽകിയതെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. വ്യാജ പരാതിയിൽ കുടുങ്ങി ജയിലിലായ യുവാവിന് നീതി ലഭിക്കുവാൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ പൗരാവലി രൂപീകരിച്ച് പ്രവർത്തനവും ആരംഭിച്ചു. പീഡന പരാതിയിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് പൗരാവലി ഉയർത്തുന്ന ആവശ്യം.
ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പ്രജേഷിനെതിരെയാണ് വീട്ടമ്മ വ്യാജ പരാതി നൽകിയതെന്ന ആരോപണം ഉയർന്നിരിക്കുന്നത്. മുൻവൈരാഗ്യത്തിൻ്റെ പേരിലാണ് അയൽവാസിയായ വീട്ടമ്മ പരാതി നൽകിയതെന്നാണ് യുവാവിൻ്റെ ബന്ധുക്കൾ പറയുന്നത്. ഏപ്രിൽ 18നാണ് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതി പ്രകാരം മാർച്ച് 24ന് പീഡനം നടന്നതായാണ് പറയുന്നത്. യുവതിയുടെ പരാതി ലഭിച്ചതിന് പിന്നാലെ വീട്ടിലെത്തിയ കഞ്ഞിക്കുഴി പൊലീസ് യുവാവിനെ കൂട്ടിക്കൊണ്ട് പോകുകയും സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയുമായിരുന്നു.
തുടർന്ന് 45 ദിവസം കഴിഞ്ഞാണ് യുവാവിന് ജാമ്യം ലഭിച്ചത്. എന്നാൽ യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പീഡനം നടന്നെന്ന് പരാതിയിൽ ആരോപിക്കുന്ന സമയം യുവാവ് മറ്റൊരിടത്ത് മേസ്തിരി പണിയിലായിരുന്നു എന്നാണ് ഇവർ വ്യക്തമാക്കുന്നത്. ഇതിന് സാക്ഷികളുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ കഞ്ഞിക്കുഴി പൊലീസ് ഇതൊന്നും പരിഗണിക്കാതെ യുവാവിനെ ജയിലിലടക്കുകയായിരുന്നെന്നാണ് പൗരസമിതിയുടെ ആരോപണം.
തൻ്റെ നിരപരാധിത്വം തെളിയിക്കാൻ യുവാവ് നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം പരാതിക്കാരിയായ വീട്ടമ്മയെയും ഭർത്താവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പൗരസമിതി ആവശ്യപ്പെടുന്നു. പീഡന കേസിൽ യുവാവ് ജയിലിലായതോടെ കുടുംബം സമൂഹത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. ഭാര്യയും മക്കളും രോഗികളായ മാതാപിതാക്കളും അടങ്ങുന്നതാണ് യുവാവിൻ്റെ കുടുംബം.
ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ജോലി പോലും ലഭിക്കാത്ത അവസ്ഥയിലാണ് യുവാവിപ്പോൾ ഉള്ളതെന്നും വീട്ടുകാർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരായ 117 പേർ ഒപ്പിട്ട പരാതി ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ ക്രൈംബ്രാഞ്ചിനും നൽകിയിരിക്കുകയാണ്. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments