തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കളക്ടര്‍മാരെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മഴയുടെ തീവ്രത അനുസരിച്ച് അവധി നല്‍കാനുള്ള അധികാരം കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. മഴ അപ്രതീക്ഷിതമാണെങ്കിലും സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് അവധി നേരത്തെ പ്രഖ്യാപിക്കണം. ഇതിനായി സ്‌കൂളുകളും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Read Also: സ്‌കൂള്‍ ഗ്രൗണ്ടിൽ തണല്‍മരത്തിന്റെ കൊമ്പൊടിഞ്ഞു വീണു: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
രാവിലെ മഴ കുറയുന്നത് നോക്കി സ്‌കൂളിലെത്തുന്ന കുട്ടികളുണ്ട്. അതുകൊണ്ട് നേരത്തെ അവധി നല്‍കുന്ന കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനാല് ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കി. ഇടുക്കി, കണ്ണൂര്‍, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ബാക്കി പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി അതിശക്തമായ മഴ തുടരും. നാളെ 13 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയതില്‍ 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്.മലയോര/ തീരദേശ മേഖലകളില്‍ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
Post Your Comments