കൊല്ലം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനായെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആർ അനിൽ. തേവലക്കര ഗ്രാമപഞ്ചായത്തിൽ പടപ്പനാൽ മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർമാർക്കറ്റായി ഉയർത്തി പ്രവർത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പരമാവധി ന്യായവില ഉറപ്പാക്കി വിലക്കയറ്റം നിയന്ത്രിക്കുന്നതിലാണ് സർക്കാർ മുൻഗണന നൽകുന്നത്. മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റായി ഉയർത്തുമ്പോൾ സബ്‌സിഡിക്ക് പുറമേ വിവിധ ഉത്പ്പന്നങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകുന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ കേരളത്തിൽ നൽകിവരുന്നതായും വിപണിയിൽ കൂടുതൽ ഉത്പ്പന്നങ്ങൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സബ്‌സിഡി ഉത്പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും നൽകി വരുന്ന മാവേലി സ്റ്റോറിന്റെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഉത്പ്പന്നങ്ങൾ അനായാസം തിരഞ്ഞെടുക്കുന്നതിനും ആധുനിക സജ്ജീകരണങ്ങളോടെയാണ് സപ്ലൈകോ സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിക്കുന്നത്. പരിപാടിയിൽ സുജിത്ത് വിജയൻപിള്ള എം എൽ എ അധ്യക്ഷനായി. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു, ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം സജി അനിൽ, തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം ഷെമീന താഹിർ, സപ്ലൈകോ റീജണൽ മാനേജർ ജലജ ജി എസ് റാണി, രാഷ്ട്രീയകക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Read Also: ഓപ്പോ റെനോ 10 സീരീസ് ഈ മാസം വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments