കൊച്ചി: കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ ഉയരപ്പാത നിർമിക്കുന്നതിന്റെ സാധ്യത തേടി ദേശീയപാത അതോറിറ്റി. ഇടപ്പള്ളി മുതൽ അരൂർ വരെ 16.750 കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമിക്കുന്നതിനെ കുറിച്ചാണ് പഠിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കാനായി ദേശീയപാത അതോറിറ്റി അനുമതി തേടിയിട്ടുണ്ട്.
ഉയരപ്പാതയ്ക്ക് കാര്യമായി സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല. നഗര മേഖലകളിൽ കൂടുതൽ ഭൂമി ഏറ്റെടുത്തുള്ള റോഡ് വികസനം അസാധ്യമെന്നാണ് ദേശീയപാത അതോറിറ്റി കരുതുന്നത്. വൈറ്റില, പാലാരിവട്ടം, കുണ്ടന്നൂർ എന്നിവിടങ്ങളിൽ നിന്ന് ഉയരപ്പാതയിലേക്ക് വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും കഴിയുന്ന രീതിയിലാകും സംവിധാനം.
ഈ സ്ഥലങ്ങളിലെ മേൽപ്പാലങ്ങൾ, മെട്രോ ട്രെയിൻ പാത എന്നിവ കൂടി കണക്കിലെടുത്താകണം നിർമാണം. ആറുവരിയിൽ ഇപ്പോൾ പണിയുന്ന ദേശീയപാത വികസനം ഇടപ്പള്ളിയിലെത്തിയാൽ നിലയ്ക്കും. ഗതാഗത സാന്ദ്രതയേറിയ ഇടപ്പള്ളി മുതൽ അരൂർ വരെ നാലുവരിപ്പാതയാണ്. അതു കൊണ്ടുതന്നെ റോഡ് ഗതാഗതം സുഗമമാക്കാൻ ഇപ്പോൾ നടക്കുന്ന ദേശീയപാതാ വികസനം കൊണ്ട് കഴിയില്ല.
40 മിനിറ്റിൽ എത്താവുന്ന ഈ ദൂരം താണ്ടാൻ പലപ്പോഴും മൂന്നര മണിക്കൂറിലേറെ വേണ്ടിവരുന്നുണ്ട്. നിലവിൽ നിർമാണം തുടങ്ങിയ, 12.75 കിലോമീറ്റർ വരുന്ന അരൂർ-തുറവൂർ ഉയരപ്പാതയ്ക്ക് 26 മീറ്ററാണ് വീതി. ആറുവരി ഗതാഗതത്തിനുള്ള സൗകര്യമുണ്ടാകും. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വലിയ തൂണുകളിലാണ് പാത നിർമിക്കുന്നത്.
നാല് ഹൈവേകൾ ഈ പാതയോട് ബന്ധപ്പെടുന്നുണ്ട്. കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് റോഡ്, കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസ് എന്നിവ ഈ പാതയുമായി ബന്ധിപ്പിക്കും. ഇതെല്ലാം ഉൾക്കൊള്ളാൻ ആറുവരി ആകാശപ്പാത വേണമെന്നാണ് ദേശീയപാത അതോറിറ്റി കണക്കുകൂട്ടുന്നത്.
Post Your Comments