കൊല്ലം: നിരവധി കേസുകളിൽ പ്രതിയായ യുവാവ് എം.ഡി.എം.എയുമായി പിടിയിൽ. കിളികൊല്ലൂർ മണ്ണാമല മുറിയിൽ നിഷാദ് മൻസിലിൽനിന്ന് മേക്കോൺ വെള്ളുത്തറ എ.എസ് മൻസിലിൽ വാടകക്ക് താമസിക്കുന്ന കൊള്ളി നിയാസ് എന്ന നിയാസിനെയാണ് (29) അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് പിടികൂടിയത്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ നിരവധി മാലപൊട്ടിക്കൽ കേസുകളിലും വർക്കല സ്വകാര്യ റിസോർട്ടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായ ഇയാൾ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലായിരുന്നു. ജയിൽ മോചിതനായശേഷം ഇയാളും കൂട്ടാളികളായ കുറച്ച് യുവാക്കളും ചേർന്ന് വ്യാപകമായി ലഹരി കച്ചവടം നടത്തുന്നതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ വി. റോബർട്ടിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്, ഇയാൾ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
Read Also : കെ.എസ്.ആർ.ടി.സി ബസിൽ യുവതിയോട് അപമര്യാദയായി പെരുമാറി: യുവാവ് പിടിയിൽ
ആഡംബര വീടുകൾ വാടകക്കെടുത്ത് താമസിക്കുകയും വാടകയിലോ പണയത്തിലോ കാറുകൾ സംഘടിപ്പിച്ച് അതിൽ കറങ്ങി നടന്ന് ലഹരി വിൽപന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. ഈ റാക്കറ്റിലെ മറ്റുള്ളവരെ കണ്ടെത്താൻ സൈബർ സെൽ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി സി.ഐ ടോണി ജോസ് അറിയിച്ചു.
സി.ഇ.ഒമാരായ ശ്രീനാഥ്, അനീഷ്, ഗോപകുമാർ, ജൂലിയൻ ക്രൂസ്, അജീഷ് ബാബു, സൂരജ്, വനിത സി.ഇ.ഒ ജാസ്മിൻ, പ്രിവന്റീവ് ഓഫീസർ കെ.ജി. രഘു, എക്സൈസ് ഇൻസ്പെക്ടർ ബി. വിഷ്ണു എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments