റാന്നി: കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി മലർവാടി ഇരട്ടപ്പനയ്ക്കൽ വീട്ടിൽ രജിതയുടെ കൊലപാതകത്തിന്റെ നടുക്കത്തിലാണ് നാട്. മൂന്നുമാസം ഷാർജയിലായിരുന്ന രജിത മേയ് 20-നാണ് നാട്ടിൽ മടങ്ങിയെത്തിയത്. പ്രവാസിയായ ഭർത്താവിനെ ഉപേക്ഷിച്ച് ഭർത്താവിന്റെ സുഹൃത്തായ അതുലിനൊപ്പം യുവതി അഞ്ചു വർഷമായി താമസിക്കുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അതുൽ സത്യനൊപ്പം ഇനി ജീവിക്കാനാകില്ലെന്ന യുവതിയുടെ നിലപാടാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. തനിക്കൊപ്പം വന്നില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഇയാൾ പലതവണ ഭീഷണി മുഴക്കിയിരുന്നെന്നും രജിതയുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.
രാത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് രജിതയുടെ അമ്മ ഗീത രാജു പറയുന്നതിങ്ങനെ- ‘രാത്രി എട്ടുമണിയോടെ ചാരിക്കിടന്ന വാതിൽ അടച്ച് കുറ്റിയിടാൻ കൊച്ചുമകനോട് നിർദേശിച്ചു. ഈ സമയം അവൻ ഭയന്ന് പിന്നോട്ടുമാറിയപ്പോൾ ഇളയമകൾ അപ്പു വാതിലടയ്ക്കാനെത്തി. പുറത്ത് അതുലിനെ കണ്ട അപ്പു വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും അതുൽ അകത്തുകടന്നു. ആദ്യം അപ്പുവിനെ വെട്ടി. തടയാൻ ശ്രമിച്ച തന്റെ വിരലുകൾ വെട്ടുകൊണ്ട് മുറിഞ്ഞുതൂങ്ങി.
ഓടിയെത്തിയ രാജുവിനും കൈയ്ക്കും മറ്റും വെട്ടേറ്റു. പിന്നീട് രജിതയെ പിടിച്ചുവലിച്ച് നിലത്തിട്ടശേഷം ചിരവകൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. അടുത്ത് താമസക്കാരില്ലാത്തതിനാൽ ഫോണിൽ ആളെ വിളിച്ചുവരുത്തുകയായിരുന്നു. ആംബുലൻസെത്തിച്ചാണ് താലൂക്ക് ആശുപത്രിയിലാക്കിയത്. അതുവരെ രജിതയ്ക്ക് ജീവനുണ്ടായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം വീണ് പരിക്കേറ്റ് കോഴഞ്ചേരി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആളെ കാണാനെത്തിയ രജിത, അതുലിന്റെ ബൈക്കിലാണ് മടങ്ങിയത്. തനിക്കൊപ്പം വരണമെന്ന് ബൈക്കിലെ യാത്രയ്ക്കിടെ അതുൽ നിർബന്ധിച്ചിരുന്നു. വരില്ലെന്ന് അറിയിച്ചപ്പോൾ വാഴക്കുന്നം കനാലിന് സമീപത്തു ബൈക്ക് നിർത്തി കൈവശമുണ്ടായിരുന്ന ബ്ലേഡ് രജിതയുടെ കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തി. നാട്ടുകാർ എത്തിയതിനാൽ അയാൾ സ്ഥലംവിട്ടു. വീട്ടിലെത്തിയ ഉടൻ റാന്നി സ്റ്റേഷനിൽ വിളിച്ച് കാര്യം അറിയിച്ചതായി ഗീത പറഞ്ഞു. ശനിയാഴ്ച രാവിലെ പരാതിയും നൽകി. ശനിയാഴ്ച അതുൽ പോലീസിനെകണ്ട് ഓടിയതിനു ശേഷവും ഭയത്തോടെയാണ് കഴിഞ്ഞതെന്നും ഗീത പറഞ്ഞ
രജിത കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മലർവാടിയിലെത്തിയ അതുലിനെ തേടി പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസ് ജീപ്പ് കണ്ടയുടനെ അതുൽ അതിവേഗത്തിൽ ബൈക്ക് ഓടിച്ച് രക്ഷപ്പെട്ടു. ഒപ്പം ചെന്നില്ലെങ്കിൽ വധിക്കുമെന്ന് അതുൽ ഭീഷണിപ്പെടുത്തിയതായി കാണിച്ച് രജിത ശനിയാഴ്ച രാവിലെ റാന്നി പോലീസിൽ പരാതിനൽകിയിരുന്നു. അതുൽ ആ ഭാഗത്തെവിടെയെങ്കിലും വന്നാലുടൻ അറിയിക്കാൻ പറഞ്ഞാണ് പോലീസ് രജിതയെ മടക്കിയത്.
രണ്ടരയോടെ അതുൽ വീട്ടുപടിക്കലെത്തി ഒപ്പം വരണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടതായി ബന്ധുക്കൾ പറഞ്ഞു. രജിത ഉടൻ റാന്നി പോലീസിൽ വിവരമറിയിച്ചു. പോലീസ് തൊട്ടടുത്തെത്തിയപ്പോഴാണ് അതുൽ അറിയുന്നത്. അപ്പോൾതന്നെ അവിടുന്ന് രക്ഷപ്പെട്ടു. പിന്നീടാണ് കൊലപാതകം നടത്താനായി എത്തിയത്.
രജിതയുടെ വീട്ടുകാരെ ആക്രമിച്ചശേഷം രക്ഷപ്പെട്ട അതുലിനെ പിടികൂടാൻ പോലീസിന് വഴികാട്ടിയായത് നിലത്തുണ്ടായിരുന്ന രക്തക്കറകൾ. ഇയാളുടെ ഇടതുകൈയ്യിൽ വെട്ടേറ്റപോലെ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇതിൽനിന്ന് വീണ രക്തം വഴിയിലുണ്ടായിരുന്നു. ഇതുകണ്ട ഭാഗങ്ങളിലൂടെ നടന്നുനീങ്ങിയ പോലീസെത്തിയത് ഉതിമൂട് കനാൽ പരിസരത്ത്. ഏതാണ്ട് മൂന്നു കിലോമീറ്ററോളം ദൂരം. പിന്നീടൊരിടത്തും രക്തം വീണ പാടുകൾ കണ്ടെത്താനായില്ല.
ഇവിടെനിന്ന് ബൈക്കിൽ ഇയാൾ രക്ഷപ്പെട്ടതാവാമെന്ന നിലയിൽ പോലീസ് അന്വേഷണം തുടങ്ങി. തട്ടയ്ക്കാട് ഭാഗത്തേക്ക് നീങ്ങിയെന്ന സൂചന പോലീസിന് ലഭിച്ചു. ഈ പ്രദേശത്തുള്ള വീടുകളൊക്കെ നാട്ടുകാരിൽ ചിലരുടെ സഹായത്തോടെ പോലീസ് നിരീക്ഷിച്ചു. ഇതിനിടയിൽ അതുൽ ഒളിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ച് പോലീസിന് രഹസ്യസന്ദേശം ലഭിച്ചു. ഒളിച്ചിരുന്ന താവളം വളഞ്ഞ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Post Your Comments