KeralaLatest News

പതിനെട്ടാം വയസില്‍ ക്രൂര കൊലപാതകം, ജീവപര്യന്തം ശിക്ഷിച്ചപ്പോൾ മുങ്ങിയ റെജി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

മാവേലിക്കരയിലെ കുപ്രസിദ്ധമായ മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ. മിനി രാജു എന്ന പേരില്‍ എറണാകുളത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അച്ചാമ്മയെ പൊലീസ് പിടികൂടുന്നത്. തന്റെ പതിനെട്ടാം വയസിലായിരുന്നു ഇവര്‍ ക്രൂര കൊലപാതകം നടത്തിയത്. 1990 ഫെബ്രുവരി പന്ത്രണ്ടിനാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ കൊല്ലപ്പെടുന്നത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. മോഷണശ്രമമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.

മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. വിശദമായ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരി റെജിയാണ് കൊല നടത്തിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. കാമുകനൊപ്പം പോകാനായി ആണ് കൊല നടത്തിയതെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. വീടിന്റെ അലക്കു കല്ലിന്റെ വിടവിൽ ഒളിപ്പിച്ചു വെച്ചിരുന്ന ആഭരണങ്ങൾ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്.

വിവാഹം കഴിച്ച് ഭർത്താവുമൊത്തു മിനി രാജു എന്ന പേരിൽ കോതമംഗലം അടിവാട്ടു താമസിക്കുകയായിരുന്നു. 2 മക്കളുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു. 1996ൽ മുങ്ങിയശേഷം അച്ചാമ്മ കോട്ടയം ചുങ്കത്ത് മിനി എന്ന പേരിൽ വീട്ടുജോലി ചെയ്തിരുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു. അക്കാലത്ത് ഒരു കെട്ടിടനിർമാണത്തൊഴിലാളിയുമായി പ്രണയത്തിലായെന്നും 1999ൽ വിവാഹം കഴിച്ച് അയാളുടെ നാടായ തമിഴ്നാട് തക്കലയിലേക്കു പോയെന്നും അറിഞ്ഞു.

ഈ തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പൊലീസിനെ കോതമംഗലത്തെത്തിച്ചത്. അച്ചാമ്മ 5 വർഷമായി തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നു മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം ജീവപര്യന്തം തടവിനു പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കും.

 

 

shortlink

Post Your Comments


Back to top button