കണ്ണൂര്‍: നാടിന്റെ പുരോഗതിക്ക് വികസനം വേണം. എന്നാലത് പാവപ്പെട്ടവനെ പെരുവഴിയിലാക്കി വേണമോ എന്നതാണ് ചോദ്യം. നാടിന്റെ വികസനത്തിനായി കിടപ്പാടം നഷ്ടപ്പെട്ട വൃദ്ധ ദമ്പതികളുടെ കരളലിയിപ്പിക്കുന്ന കഥയാണിത്. റോഡ് വികസനത്തിനായി വൃദ്ധ ദമ്പതികളുടെ വീട് പൊളിച്ച് മാറ്റിയിട്ട് ഒരു വര്‍ഷം കഴിയുന്നു. ഇതുവരെ പുതിയത് നിര്‍മിച്ച് നല്‍കിയില്ല. കണ്ണൂര്‍ ഉദയഗിരി താളിപ്പാറയിലാണ് സര്‍ക്കാര്‍ പദ്ധതിയില്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് വീട് പൊളിച്ച് മാറ്റിയത്.
വാര്‍ധ്യക്യ പെന്‍ഷനില്‍നിന്ന് വാടക നല്‍കിയാണ് ദമ്പതികള്‍ ഇപ്പോള്‍ താമസിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്നും സാങ്കേതിക കാരണത്താല്‍ ഇവര്‍ പുറത്തായി. സര്‍ക്കാരിന്റെ മറ്റേതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന വാഗ്ദാനം മാത്രമാണ് ഇപ്പോഴും പഞ്ചായത്ത് മുന്നോട്ട് വയ്ക്കുന്നത്. ഒരു വര്‍ഷം മുപന്‍പുവരെ ഇവര്‍ താമസിച്ച വീട് ഇപ്പോള്‍ ഇടിച്ച് പൊളിച്ച് സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍ പതിച്ച ചുവരുകളായി അവശേഷിക്കുന്നു.
അമ്പത് വര്‍ഷം മുന്‍പ് കുടിയേറിയെത്തിയ നെല്ലിക്കുന്നേല്‍ എബ്രാഹം, അച്ചാമ്മ ദമ്പതികള്‍ താമസിച്ചിരുന്ന വീട്. ഏണ്‍പതും, ഏഴുപത്തിനാലും വയസുള്ള ഈ ദമ്പതികളെ ഇറക്കിവിട്ട് വീട് പൊളിക്കാന്‍ എല്ലാവരും ഉണ്ടായിരുന്നു. എന്നാല്‍ പൊളിച്ച വീടിന് പകരം മറ്റൊരു വീട് നിര്‍മിച്ച് നല്‍കാന്‍ ആരും മുന്നോട്ട് വന്നില്ല. ഇറക്കിവിടാന്‍ ഉത്സാഹം കാണിച്ച ആര്‍ക്കും ഇപ്പോള്‍ ഇവരെ തിരിഞ്ഞു നോക്കാന്‍ പോലും സമയമില്ല.
Post Your Comments