ന്യൂഡല്‍ഹി: എസ്.എഫ്.ഐയെക്കുറിച്ചല്ല, രാജ്യത്തെക്കുറിച്ച് ചോദിക്കൂവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അതേക്കുറിച്ച് അറിയില്ലെന്ന് യെച്ചൂരി പറഞ്ഞു. നിങ്ങള്‍ ഈ രാജ്യത്തെക്കുറിച്ച് ചോദിക്കൂ. ചില വ്യാജ രേഖകളെക്കുറിച്ചും പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ചില എസ്.എഫ്.ഐ നേതാക്കളെക്കുറിച്ചും ചില കോളജുകളെക്കുറിച്ചും ചോദിച്ചാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എങ്ങനെ അറിയാനാണ്? നിങ്ങള്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലെന്നും യെച്ചൂരി പറഞ്ഞു.
മോൻസൻ മാവുങ്കല്‍ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ രാഷ്ട്രീയമില്ലെന്നു യെച്ചൂരി പറഞ്ഞു. ബിജെപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും പോലെ വ്യക്തികളെ ഉന്നമിട്ടു നീങ്ങാൻ ഞങ്ങള്‍ പൊലീസിനോട് ആവശ്യപ്പെടാറില്ല. മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നത് സി.പി.എം നയമല്ലെന്ന് യെച്ചൂരി ആവര്‍ത്തിച്ചു. കേന്ദ്രത്തിന്റെ ശൈലിയല്ല സി.പി.എമ്മിന്റേത്.
പ്രതിപക്ഷ ഭിന്നത മുതലാക്കി ബി.ജെ.പി നേട്ടം കൊയ്യുന്നത് തടയണമെന്ന് യെച്ചൂരി പറഞ്ഞു. പട്നയിലെ യോഗത്തില്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ വോട്ടുകളുടെ വിഭജനത്തിലൂടെ ബി.ജെ.പിക്കുണ്ടാകുന്ന നേട്ടം കുറയ്ക്കാൻ ഓരോ സംസ്ഥാനതലത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടങ്ങണമെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു
Post Your Comments