ആലപ്പുഴ: കായംകുളം എംഎസ്എം കോളേജില്‍ വ്യാജ ഡിഗ്രിയുമായി എംകോമിന് ചേര്‍ന്ന നിഖില്‍ തോമസിന്റെ തട്ടിപ്പ് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നു. നിഖിലിന്റെ പ്രവേശനം ആദ്യ ക്ലാസില്‍ തന്നെ ഒരു അധ്യാപികയ്ക്ക് സംശയം തോന്നിയിരുന്നു. ബികോം തോറ്റിട്ടും എങ്ങനെ പ്രവേശനം നേടിയെന്ന് അധ്യാപിക ചോദിച്ചപ്പോള്‍ തോറ്റ വിഷയങ്ങള്‍ സപ്ലിമെന്ററി പരീക്ഷയില്‍ എഴുതിയെടുത്തു എന്നായിരുന്നു നിഖിലിന്റെ മറുപടി.
Read Also: രാജ്യത്ത് ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
അതേസമയം, കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തോമസിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചോദ്യം ചെയ്യലില്‍ നിഖില്‍ പല കാര്യങ്ങളും മറച്ചുവെക്കുന്നു എന്നാണ് പൊലീസിന്റെ സംശയം. മൊബൈല്‍ ഫോണ്‍ തോട്ടില്‍ കളഞ്ഞെന്ന മൊഴി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ് പറയുന്നു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് മുങ്ങിയ നിഖില്‍ തോമസിനെ ഇന്നലെ പുലര്‍ച്ചെയാണ് കോട്ടയം സ്റ്റാന്‍ഡില്‍ വച്ച് കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് പൊലീസ് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ എസ് എഫ് ഐ മുന്‍ ഏരിയ പ്രസിഡന്റ് അബിന്‍ സി രാജിനെതിരെ നിഖില്‍ മൊഴി നല്‍കി. അബിന്‍ സി രാജ് കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്കാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ പ്രതിയാക്കാനുള്ള പൊലീസ് തീരുമാനം.
നിലവില്‍ മാലിദ്വീപിലാണ് അബിന്‍ സി രാജുള്ളത്. ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ താന്‍ മാലിയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നതെന്നും അബിന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അബിനെ പൊലീസ് വിളിച്ചു വരുത്തും. അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് നിഖില്‍ പണം നിക്ഷേപിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ബി കോം മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും കലിംഗയില്‍ നിന്നുള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ടി സിയുമാണ് വ്യാജമായി നിഖില്‍ ഒപ്പിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്. എസ് എഫ് ഐ വഴിയാണ് അബിനുമായി ബന്ധമെന്നും അബിന്‍ ചതിച്ചെന്നും വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി മടങ്ങുന്നതിനിടെ നിഖില്‍ പറഞ്ഞു.
Post Your Comments