നെടുംങ്കണ്ടം: കമ്പംമെട്ടിൽ മ്ലാവ് ഇറച്ചിയും വാറ്റുപകരണങ്ങളുമായി ഒരാൾ പൊലീസ് പിടിയിൽ. ചെന്നാക്കുളം നടയിടത്ത് ബാബുവാണ് ഫോറസ്റ്റ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പുരയിടത്തിൽ നിന്നും പാകം ചെയ്തതും ചെയ്യാത്തതുമായ അഞ്ചു കിലോ മ്ലാവ് ഇറച്ചിയാണ് കണ്ടെടുത്തത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് വാറ്റുപകരണങ്ങൾ കണ്ടെടുത്തത്.
ശനിയാഴ്ച രാത്രി മുതൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. മ്ലാവ് ഇറച്ചി ബാബുവിന്റെ വീട്ടിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതോടെ കൂടുതൽ ഫോറസ്റ്റ് സംഘത്തെ കൂടി പുലർച്ചെയോടുകൂടി കമ്പംമെട്ടിൽ എത്തിക്കുകയായിരുന്നു.
തുടർന്ന്, നടത്തിയ പരിശോധനയിലാണ് പാകം ചെയ്ത നിലയിൽ രണ്ട് കിലോ ഇറച്ചിയും ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ മൂന്നു കിലോ ഇറച്ചിയും കണ്ടെടുത്തത്. മ്ലാവിനെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക്, കുരുക്ക്, മറ്റ് ഉപകരണങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി കുമളിയിൽ നിന്നും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. ഇതിനിടയിൽ ഇയാളുടെ പക്കൽ നിന്നും വാറ്റ് ഉപകരണങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി.
തുടർന്ന്, എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ച് എക്സൈസ് സംഘവും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.
Post Your Comments