മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ ഇ പ്ലാനറ്റ്, സമീപത്തെ മോബി ഹബ് മൊബൈൽ കട എന്നിവ കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ കവർച്ച നടത്തിയ ഡൽഹി സ്വദേശികളായ നാല് പേർക്ക് ഒന്നര വർഷം തടവും ആൾ വീതം 500 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഡൽഹി സുന്ദർ നഗരിയിലെ മുഹമ്മദ് ഷഫീക്ക് (28), സുന്ദർ നഗരി ഒ. ബ്ലോക്കിലെ വസീർ ഖാൻ (24), ഡൽഹി കപഷേരയിലെ രാഹുൽ ജയ്സ്വാൾ(28), ഡൽഹി കപഷേരയിലെ മുസ്ലിം ആലം (26) എന്നിവരെയാണ് ജഡ്ജി റോസ് ലിൻ ശിക്ഷിച്ചത്. മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരാഴ്ച കൂടി കൂടുതൽ തടവ് അനുഭവിക്കണം. ഇ പ്ലാനറ്റ്, മോബി മൊബൈൽഷോപ്പ് എന്നീ കടകളുടെ ഷട്ടർ കുത്തിത്തുറന്ന് ഏഴ് ലക്ഷം വില വരുന്ന മൊബൈൽ ഫോണുകളാണ് കവർന്നത്.
അന്നത്തെ പള്ളൂർ എസ്.ഐ പ്രതാപൻ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതിനെ തുടർന്ന്, മാഹി സി.ഐ എ.ശേഖറിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ ഡൽഹിയിൽ വെച്ച് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
സർക്കിൾ ഇൻസ്പെക്ടർ ബി.എം. മനോജ്, എസ്.ഐ കെ.സി. അജയകുമാർ എ.എസ്.ഐ എസ് ജി. ഹരീഷ് ബാബു, സൂരജ് മുരളി എന്നിവരുടെ മേൽനോട്ടത്തിൽ പ്രോസിക്യൂഷന് വേണ്ടി എ.പി.പി അഡ്വ. എം.ഡി. തോമസ് ഹാജരായി.
Post Your Comments