സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 13,000 പേരാണ് വിവിധ പകർച്ചവ്യാധികളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ നൂറിലധികം ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചവ്യാധികളെ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഇന്ന് ഡ്രൈ ഡേ ആചരിക്കുന്നതാണ്. വീടുകളിൽ നാളെയാണ് ഡ്രൈ ഡേ ആചരിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കൊതുകുകളുടെ ഉറവിടങ്ങൾ പൂർണ്ണമായും നശിപ്പിക്കേണ്ടതാണ്.
ഡ്രൈ ഡേ ആചരിക്കുന്നത് ഒരു ജനകീയ പ്രതിരോധ പ്രവർത്തനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനാൽ, മുഴുവൻ ആളുകളും ഈ ഉദ്യമത്തിൽ പങ്കാളികളാകേണ്ടതാണ്. പനിയുള്ള കുട്ടികളെ മൂന്ന് ദിവസം മുതൽ അഞ്ച് ദിവസം ഒരു കാരണവശാലും സ്കൂളിലേക്ക് അയക്കാൻ പാടില്ല. കൂടാതെ, കുട്ടികൾക്ക് നിർബന്ധമായും ചികിത്സ ഉറപ്പുവരുത്തേണ്ടതാണ്. ക്ലാസിൽ ഒന്നിലധികം കുട്ടികൾക്ക് പനി സ്ഥിരീകരിക്കുകയാണെങ്കിൽ, ക്ലാസ് ടീച്ചർ പ്രധാന അധ്യാപകനെയും, അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും യഥാക്രമം അറിയിക്കണം.
Also Read: എറണാകുളം റൂറലിൽ സിന്തറ്റിക് ലഹരികളുമായി രണ്ട് യുവാക്കൾ പിടിയിൽ
പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളുകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും മാസ്ക് ധരിക്കേണ്ടതാണ്. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും മാസ്ക് ധരിക്കണം. വിദ്യാലയങ്ങളിൽ വെള്ളിയാഴ്ച സ്പെഷ്യൽ അസംബ്ലി ചേരാനും, ശനിയാഴ്ചകളിൽ വിദ്യാഭ്യാസ ഓഫീസുകളിൽ ശുചീകരണ പ്രവർത്തനം നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments