കാഞ്ഞാണി: വിൽപനക്കായി സൂക്ഷിച്ച 10.72 ഗ്രാം എം.ഡി.എം.എയും 10 കിലോ കഞ്ചാവുമായി മണലൂർ സ്വദേശികളായ സഹോദരങ്ങൾ അറസ്റ്റിൽ. മണലൂർ രാജീവ് നഗറിൽ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിലും സഹോദരൻ അജിത്തുമാണ് പിടിയിലായത്. വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.
സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വിൽപനസംഘങ്ങൾ വിലസുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതികൾ വലയിലായത്.
Read Also : അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കണം: ഹൈക്കോടതി
അജിത്താണ് എം.ഡി.എം.എ വിൽപന നടത്തിയിരുന്നതെന്നും അജിലിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് വിൽപനയെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായ പ്രതികളിൽ നിന്ന് മൊബൈൽ ഫോണും ഇലക്ട്രോണിക് വെയിങ് മെഷീനും പിടിച്ചെടുത്തു.
പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് കഞ്ചാവും മയക്കുമരുന്നും എത്തിച്ചിരുന്നത്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.
വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റിവ് ഓഫീസർമാരായ ടോണി വർഗീസ്, കെ.ആർ. ഹരിദാസ്, എക്സൈസ് ഉദ്യോഗസ്ഥരായ പി.എ. വിനോജ്, ആർ. രതീഷ് കുമാർ, ടി.ആർ. സുനിൽ, എൻ.എൻ. നിത്യ, കെ.എൻ. നീതു, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments