കരുനാഗപ്പള്ളി: മുൻ വിരോധത്തിൽ യുവാവിനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച പ്രതി പൊലീസ് പിടിയിൽ. കല്ലേലിഭാഗം മുഴങ്ങോടി മുറിയിൽ ശ്രീനിലയത്തിൽ ശ്രീശങ്കറാണ് (21) പിടിയിലായത്.
2022 നവംബർ മാസം നാലിന് വൈകീട്ട് അഞ്ചോടെ ആദിനാട് കൊച്ചാലുംമൂടിന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആദിനാട് കാരാളി വടക്കതിൽ മുഹമ്മദ് അസ്ലമിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. കേസിലെ നാലാം പ്രതിയാണ് ശ്രീശങ്കർ. മറ്റ് പ്രതികളെ നേരത്തേ തന്നെ പിടികൂടിയിരുന്നു.
ഫിനാൻസ് അടയ്ക്കണമെന്ന വ്യവസ്ഥയിൽ വിറ്റ കാറിന്റെ ഫിനാൻസ് അടയ്ക്കാതെയും രജിസ്ട്രേഷൻ മാറ്റാതെയും പണയംവെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചത് മുഹമ്മദ് അസ്ലം തടയാൻ ശ്രമിക്കുകയും കാർ തിരികെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിരോധത്തിൽ ശ്രീശങ്കർ ഉൾപ്പെട്ട നാലംഗ സംഘം മുഹമ്മദ് അസ്ലമിനെ ആക്രമിക്കുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒളിവിൽ പോയ ശ്രീശങ്കറിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജിമോൻ, ഷെമീർ, ശരത് ചന്ദ്രൻ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments