പാലക്കാട് : മേൽവിലാസക്കാർക്ക് കത്തുകൾ കൈമാറാതെ വീട്ടിൽ സൂക്ഷിച്ചുവെച്ച പോസ്റ്റ്മാനെ ജോലിയില്‍ നിന്ന് മാറ്റി. പാലക്കാട് ആയിലൂർ പയ്യാങ്കോടാണ് സംഭവം. പോസ്റ്റുമാന്റെ ഈ പ്രവർത്തി കാരണം ഉദ്യോഗാർത്ഥികൾക്ക് ജോലി നഷ്ടമായി. പി.എസ്.സിയിൽ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെ തുടർന്ന് പറയംപള്ളി സ്വദേശി നൽകിയ പരാതിയിലാണ് ജീവനക്കാരന്റെ കള്ളക്കളി പുറത്തായത്.
ഇയാൾ കഴിഞ്ഞ മൂന്ന് മാസത്തോളമായി കത്തുകൾ വിതരണം ചെയ്തിരുന്നില്ല. വായ്പ്പാകുടിശിക കത്തുകൾ, എടിഎം കാർഡുകൾ, ബാങ്ക് ചെക്ക് പോസ്റ്റുകൾ, ആധാർ കാർഡുകൾ, ആനുകാലികങ്ങൾ, നിയമന കത്തുകൾ എന്നിവയെല്ലാം സബ് ഓഫീസിൽ ചാക്കിലാക്കിയും വീട്ടിൽ സഞ്ചികളിലാക്കിയും സൂക്ഷിക്കുകയായിരുന്നു ഇയാൾ. നിയമന കത്തുകൾ എത്തിക്കാത്തതിനാൽ പലർക്കും ജോലി വരെ നഷ്ടമായി.
സംഭവത്തിന് പിന്നാലെ പോസ്റ്റുമാൻ കണ്ടമുത്തനെ ജോലിയിൽ നിന്ന് മാറ്റി. നെന്മാറ കയറാടി പോസ്റ്റ് ഓഫീസിനെതിരെ ഇതിന് മുമ്പും പരാതികൾ ഉയർന്നിരുന്നു. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം കൃത്യമായി അല്ല നടക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. ഓഫീസിൽ എത്തുന്ന സാധാരണക്കാരോട് ജീവനക്കാർ മോശമായി പെരുമാറുന്നതായും ആരോപണമുണ്ട്.
Post Your Comments