Latest NewsKeralaNewsParayathe VayyaWriters' Corner

വിശാഖിന്റെയും നിഖിൽ തോമസിന്റെയും ഒറ്റ ചിത്രങ്ങൾ മാത്രം, വിദ്യയുടെ പല പോസ് ചിത്രങ്ങൾ: മാധ്യമങ്ങളുടെ തട്ടിപ്പ്, കുറിപ്പ്

ഒരു വിദ്യാര്‍ഥി നേതാവിന്റെ പടങ്ങള് കിട്ടാനാണോ ഇക്കാലത്ത് പാട്.

മാധ്യമങ്ങളുടെ മാർക്കറ്റിങ് തന്ത്രങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകനായ സനീഷ് ഇളയിടത്ത് പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. വിശാഖിന്റെയും നിഖിൽ തോമസിന്റെയും ഒറ്റ ചിത്രങ്ങൾ മാത്രം, വിദ്യയുടെ പല പോസ് ചിത്രങ്ങൾ ആണ് മാധ്യമങ്ങളിൽ നിറയുന്നതെന്നും പ്രൈവസി മൗലികാവകാശമാണ് എന്ന നിയമമുള്ള നാട്ടിലെ മാധ്യമങ്ങളാണ് , ഈ പടങ്ങളെടുത്ത് ഇങ്ങനെ പറത്തിക്കൊണ്ടിരുന്നത് ഓര്‍ക്കണമെന്നും കുറിപ്പിൽ പറയുന്നു.

read also:പനിബാധിതർക്കായി പ്രത്യേക സംവിധാനം സജ്ജീകരിച്ചു: ഡിഎംഒ

കുറിപ്പ് പൂർണ്ണ രൂപം,

വിശാഖ് എന്നൊരു കാട്ടാക്കട ഏരിയാ സെക്രട്ടറിയുണ്ടായിരുന്നു എസ് എഫ്‌ഐയ്ക്ക്. ഇപ്പോ അവര് നടപടിയെടുത്ത് പുറത്താക്കിയെന്ന് തോന്നുന്നു.സംഘടനാ അധികാരം വെച്ച് ഇയാള് വന്‍ തട്ടിപ്പ് അവിടെ നടത്തി. കാട്ടാക്കട കോളജില്‍ നിന്ന് ജയിച്ച യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ മാറ്റി നിര്‍ത്തിയിട്ട് ഇയാള് ആ സ്ഥാനത്ത് സ്വന്തം പേര് വെച്ചിട്ട് , സര്‍വ്വകലാശാലയ്ക്ക് അയച്ച് കൊടുത്തു.സര്‍വ്വകലാശാലാ യൂണിയന്റെ ചെയര്‍മാനാകാനായിരുന്നു പരിപാടി. ചെയര്‍മാന്‍ എന്ന് വെച്ചാല്‍ നിസ്സാര പദവിയല്ല. സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളജുകളിലെ കുട്ടികളുടെ കലാ കായിക പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെച്ച വലിയ പണത്തിന്റെ നിയന്ത്രണാധികാരമടക്കം കൈവരുന്നൊരു പദവിയാണത്. ആ പദവി പിടിക്കാന്‍ അങ്ങേയറ്റം എക്‌സ്ട്രീം ആയ , കേട്ട് കേള്‍വിയില്ലാത്ത തട്ടിപ്പാണ് അയാള് ചെയ്തത്.പക്ഷെ പിടിക്കപ്പെട്ടു. വാര്‍ത്തയൊക്കെ വന്നിരുന്നു, മാധ്യമങ്ങളില്‍. ഫോട്ടോ സഹിതം. പക്ഷേ, ഒരൊറ്റ ഫോട്ടോ മാത്രം വെച്ചിട്ട്.

കണ്ണടച്ച് വിശാഖ് കാട്ടാക്കട എന്ന് ഓര്‍ത്ത് നോക്കിയേ .അങ്ങനെയൊന്ന് ഗൂഗിള്‍ ചെയ്ത് നോക്ക് . ഒരൊറ്റ ഫോട്ടോ ആണ് നിങ്ങള്‍ക്ക് കിട്ടുക. ഒറ്റയൊന്ന് . അതേ മാധ്യമങ്ങള് കൊടുത്തിട്ടുള്ളൂ. ഇയാളുടെ പടങ്ങള് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഘടിപ്പിക്കാന്‍ പറ്റാഞ്ഞിട്ടൊന്നുമല്ല. ഒരു വിദ്യാര്‍ഥി നേതാവിന്റെ പടങ്ങള് കിട്ടാനാണോ ഇക്കാലത്ത് പാട്.

ഇപ്പോ വാര്‍ത്തയിലുള്ള മറ്റേ കായംകുളത്തെ തട്ടിപ്പുകാരന്‍ ഏരിയാ സെക്രട്ടറിയുണ്ടല്ലോ , നിഖില്‍ തോമസ്. അയാളുടെ കാര്യം നോക്ക്. ചില്ലറ തട്ടിപ്പല്ല, തോറ്റിട്ട് ജയിച്ചെന്ന സര്‍ട്ടിഫിക്കറ്റുണ്ടാക്കി മേല്‍പഠനത്തിന് പോയവനാണ്, സര്‍വ്വകലാശാലയെ പറ്റിച്ചവന്‍. ഈ നിഖിലിന്റെ എത്ര തരത്തിലുള്ള ഫോട്ടോസ് നിങ്ങള് കണ്ടിട്ടുണ്ട് ?

ഈ ആണ്‍കുട്ടികളുടെ കാര്യം പോലെയാണോ വിദ്യയുടെ വാര്‍ത്ത മാധ്യമങ്ങളിലൂടെ വന്നത് ? പേരിന് ഒന്നോ രണ്ടോ ഫോട്ടോസ് എടുത്ത് വാര്‍ത്തക്കൊപ്പം പ്രസിദ്ധീകരിച്ചാണോ നിങ്ങളീ പ്രചണ്ഡമായ വാര്‍ത്ത അറിഞ്ഞത് ? ആണോ ? അതെന്താ അപ്പോ അങ്ങനെ ?

ഏരിയാ സെക്രട്ടറി എന്ന താരതമ്യേന നല്ല പവറുള്ള പദവിയില്‍ ഇരുന്ന് , വലിയ തട്ടിപ്പുകള്‍ നടത്തിയ ആണ്‍ചങ്ങായ്മാരുടെ പലതരം പടങ്ങളെടുത്ത് പ്രസിദ്ധീകരിക്കുന്നതില്‍ ഇല്ലാത്ത എന്തോ ഒരു ത്രില്ല് രണ്ടോ മൂന്നോ വര്‍ഷം മുമ്പെപ്പോഴോ, ഒരു കോളജിലെ മാത്രം സാദാ എസ്സെഫൈക്കാരിയായിരുന്ന വിദ്യയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വന്നിട്ടുണ്ട് എന്നേ എനിക്ക് ഇതില്‍ നിന്ന് എനിക്ക് മനസ്സിലാക്കാന്‍ പറ്റുന്നുള്ളൂ.മാധ്യമങ്ങള്‍ക്ക് എന്ന് വെച്ചാല്‍ അതില്‍ പണിയെടുക്കുന്ന മനുഷ്യര്‍ക്ക് . അസാധാരണമായ, അധാര്‍മ്മികതയില്‍ വേരുകളുള്ള ഒരു തരം ചീത്ത ത്രില്ല് . വ്യക്തിയുടെ അന്തസ്സ് എന്ന പ്രയോഗം ഭരണഘടനാ ആമുഖത്തിലുള്ള നാട്ടിലെ മാധ്യമങ്ങളാണ്, പ്രൈവസി മൗലികാവകാശമാണ് എന്ന നിയമമുള്ള നാട്ടിലെ മാധ്യമങ്ങളാണ് , ഈ പടങ്ങളെടുത്ത് ഇങ്ങനെ പറത്തിക്കൊണ്ടിരുന്നത് ഓര്‍ക്കണം. അതും കൊലക്കേസോ ശിശുപീഡന കേസോ അല്ല , ഓര്‍ക്കണം.

അത് കൊണ്ട്,
അനുപാത രാഹിത്യം മാത്രമല്ല ചങ്ങായ്മ്മാരേ, അങ്ങനെ പലേ തരം മറ്റ് സംഗതികളും മാധ്യമങ്ങളുടെ കുഴപ്പങ്ങളായിട്ട് വെളിപ്പെടുന്ന റിപ്പോര്‍ട്ടിംഗാണ് വിദ്യയുടെ കേസിലുണ്ടായത്.

‘ഇതില്‍ ഇങ്ങനൊരു പ്രശ്‌നമുണ്ട്, ഇതിങ്ങനെയല്ല വേണ്ടത് ‘ എന്ന് ന്യൂസ് ഡെസ്‌കുകളില്‍ അഭിപ്രായം പറയേണ്ട ചങ്ങായ്മ്മാര് ഇപ്പോ എന്നെ കളിയാക്കിയിട്ടും രോഷം കൊണ്ടിട്ടുമെന്താണ് ? എന്നെ പഠിപ്പിക്കാനെടുക്കുന്നതിന്റെ പാതി സമയം വേണ്ട, ഇത്തരം അനീതികള്‍ മനസ്സിലാകാനുള്ള ആലോചന സ്വയം നടത്താന്‍.

വലിയ റോക്കറ്റ് സയന്‍സ് ഒന്നുമല്ല , ജസ്റ്റ് ആ ഓഫീസിലെ വന്‍ ഓളത്തില്‍ നിന്ന് ഒന്ന് മാറി നിന്നിട്ട് ആലോചിച്ചാല്‍ തിരിയുന്ന കാര്യങ്ങളൊക്കെയേ ഇതിലൊക്കെയുള്ളൂ.

ഇനി അങ്ങോട്ട് ആയാലും മതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button