
കോഴിക്കോട്: രാമനാട്ടുകര നടപ്പാതയിൽ നിൽക്കുകയായിരുന്നയാളെ ആക്രമിച്ച് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. കൊണ്ടോട്ടി പനയംപറമ്പ് ദാനിഷ് മിൻഹാജി(18)നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15-ന് രാത്രിയാണ് സംഭവം. രാമനാട്ടുകര സുരഭിമാളിന് സമീപത്തെ പള്ളിയിൽ നിന്നും നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി നടപ്പാതയിൽ നിൽക്കുന്നയാളെ ദാനിഷ് മിൻഹാജ് ക്രൂരമായി മർദ്ദിക്കുകയും കൈയിലുണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകൾ കവർച്ച നടത്തി മുങ്ങുകയുമായിരുന്നു.
ജില്ല ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു ഐ.പി.എസിന്റെ കീഴിലുള്ള സിറ്റി സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ പി.എസ്. ഹരീഷിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജുകളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മിൻഹാജ് പിടിയിലായത്
വീട്ടിൽ പോകാതെ ലോഡ്ജുകളിൽ റൂമെടുത്ത് താമസിക്കുകയും കോഴിക്കോട് ബീച്ച്, പാളയം, രാമനാട്ടുകര തുടങ്ങി വിവിധ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങിനടന്ന് കവർച്ച നടത്തുകയും സംഘത്തിൽപ്പെട്ടയാളുമാണ് മിൻഹാജ്. ലഹരിമരുന്നിന്റെ അമിതമായ ഉപയോഗവും ഇയാൾക്കുണ്ട്. കവർച്ച ചെയ്ത മൊബൈൽ ഫോണുകൾ കണ്ടെടുത്തു.
സബ് ഇൻസ്പെക്ടർമാരായ സൈഫുല്ല, എസ്. അനൂപ്, സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ.കെ. അർജുൻ, രാകേഷ് ചൈതന്യം, സീനിയർ സി.പി.ഒ കെ. സുധീഷ്, കെ.ടി. ശ്യാം രാജ്, കെ. സുകേഷ് എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments