പിഎം കിസാൻ മൊബൈൽ ആപ്ലിക്കേഷനിൽ പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇ-കെവൈസിയുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ കർഷകരെ സഹായിക്കുന്ന പുതിയ ഫീച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മുഖം സ്കാൻ ചെയ്യുന്ന ഫെയ്സ് ഓതന്റിക്കേഷൻ ഫീച്ചറിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാറാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
കർഷകർക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. നിലവിൽ, ഇ-കെവൈസി പൂർത്തിയാക്കാൻ വൺ ടൈം പാസ്‌വേഡ്, ഫിംഗർ പ്രിന്റ് എന്നിവ നിർബന്ധമാണ്. ഇതിന് പകരമായാണ് മുഖം സ്കാൻ ചെയ്യുന്ന ഫീച്ചർ എത്തിയിരിക്കുന്നത്. കർഷകരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ അവതരിപ്പിച്ച വളരെ മികച്ച പദ്ധതികളിൽ ഒന്നാണ് പിഎം കിസാൻ സമ്മാൻ നിധി. ഈ പദ്ധതിക്ക് കീഴിൽ കർഷകർക്ക് പ്രതിവർഷം 6000 രൂപ ലഭിക്കുന്നതാണ്. 3 ഗഡുക്കളായാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക.
Leave a Comment