കൊല്ലം: വാണിജ്യാടിസ്ഥാനത്തിൽ ജില്ലയിലേക്ക് ലഹരി മരുന്ന് എത്തിച്ചുവിതരണം നടത്തി വന്ന യുവാവ് അറസ്റ്റിൽ. പേരൂർ കോടൻവിള പുത്തൻവീട്ടിൽ പൃഥ്വിരാജ് (19) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ് പൊലീസും ജില്ല ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്.
തോപ്പിൽകടവ് ബോട്ടു ജെട്ടിക്ക് സമീപത്തു നിന്നുമാണ് ഇയാൾ അറസ്റ്റിലായത്. 13.26 ഗ്രാം എം.ഡി.എം.എ യും 22.190 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സ്കൂൾ തുറന്നതോടെ ജില്ലയിലേക്കുള്ള നിരോധിത ലഹരി ഉൽപന്നങ്ങളുടെ ഒഴുക്ക് വർദ്ധിച്ചതായി സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
കൊല്ലം എ.സി.പി എ. അഭിലാഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്ക്, എസ്.ഐമാരായ ഓമനക്കുട്ടൻ, ഹസൻകുഞ്ഞ്, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒ ദീപുദാസ് എന്നിവരടങ്ങിയ പൊലീസ് സംഘവും ജില്ല സ്പെഷൽ ബ്രാഞ്ച് എസ്.ഐ ആർ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments