
പാരിസ്: ഭാര്യയെ എല്ലാ ദിവസവും മയക്കുമരുന്ന് നല്‍കി അന്യപുരുഷന്മാര്‍ക്ക് ബലാത്സംഗം ചെയ്യാന്‍ സൗകര്യം നല്‍കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിസിലാണ് സംഭവം. ദ ടെലിഗ്രാഫാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 10 വര്‍ഷമാണ് ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചത്. 92 ബലാത്സംഗ കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 26 നും 73 നും ഇടയില്‍ പ്രായമുള്ള അമ്പത്തിയൊന്ന് പേരെ അറസ്റ്റ് ചെയ്യുകയും ബലാത്സംഗ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ടെന്നും മറ്റു പ്രതികളെ പൊലീസ് അന്വേഷിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫയര്‍മാന്‍, ലോറി ഡ്രൈവര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍, ബാങ്കിലെ ഐടി ജീവനക്കാരന്‍, ജയില്‍ ഗാര്‍ഡ്, നഴ്സ്, പത്രപ്രവര്‍ത്തകന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നവരാണ് പ്രതികള്‍. ഡൊമിനിക് എന്നാണ് അറസ്റ്റിലായ ഭര്‍ത്താവിന്റെ പേര്. ഭക്ഷണത്തില്‍ ആന്റി-ആക്സൈറ്റി മരുന്നായ ലോറാസെപാം കലര്‍ത്തിയാണ് ഇയാള്‍ ഭാര്യയെ മയക്കിക്കിടത്തിയിരുന്നത്. ഭാര്യയെ മയക്കിയ ശേഷം ഇയാള്‍ അതിഥികളെ മാസാനിലെ വീട്ടിലേക്ക് ക്ഷണിക്കും. ഉറങ്ങിക്കിടക്കുന്ന ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്യും. ദൃശ്യങ്ങള്‍ ഇയാള്‍ പെന്‍ ഡ്രൈവില്‍ ‘അബ്യൂസ്’ എന്ന ഫയലിലാണ് സൂക്ഷിച്ചിരുന്നത്. പെന്‍ഡ്രൈവ് പൊലീസിന് ലഭിച്ചു.
2011 നും 2020 ഇടയിലാണ് ബലാത്സംഗം നടന്നതെന്നും മിക്ക പുരുഷന്മാരും ഒന്നിലധികം തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്ന് പോലീസ് പറഞ്ഞു. അശ്ലീല പ്ലാറ്റ്‌ഫോമില്‍ ഇയാള്‍ പുരുഷന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഭാര്യയെ ഉണര്‍ത്താന്‍ ഇടയാക്കുന്ന രൂക്ഷഗന്ധം ഒഴിവാക്കാന്‍ ഡൊമിനിക് പുകയിലയും പെര്‍ഫ്യൂമും നിരോധിച്ചിരുന്നു. ചൂടുവെള്ളത്തില്‍ കൈകള്‍ കഴുകിയാണ് കിടപ്പറയിലേക്ക് അയച്ചിരുന്നത്. അപരിചിതര്‍ വീട്ടില്‍ വരുന്നത് അയല്‍ക്കാര്‍ അറിയാതിരിക്കാന്‍ അകലെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യിച്ചിരുന്നത്. ഉഭയസമ്മതപ്രകാരമല്ല ബന്ധത്തിലേര്‍പ്പെടുന്നതെന്ന് അറിയില്ലെന്ന് അറസ്റ്റിലായവരില്‍ ചിലര്‍ പറഞ്ഞു. ഡൊമിനിക് ഒരിക്കലും അക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. വരുന്നവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ പോകാനുള്ള അനുവാദമുണ്ടായിരുന്നു.
വസ്ത്രം മാറുന്ന മുറികളില്‍ ഒളിക്യാമറ ഉപയോഗിച്ചതായി സംശയം തോന്നിയതിനെ തുടര്‍ന്ന് 2020-ല്‍ ഡൊമിനിക്കിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിലാണ് ബലാത്സംഗ വീഡിയോകള്‍ പൊലീസ് കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് യുവതിയോട് പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടിയെന്നും മാനസികമായി തകര്‍ന്നെന്നും പൊലീസ് പറഞ്ഞു. യുവതി വിവാഹമോചനത്തിന് അപേക്ഷ നല്‍കി.
Post Your Comments