KeralaLatest NewsIndia

ബംഗളൂരുവില്‍ ക്രിസ്‌ത്യന്‍ പള്ളി അടിച്ചു തകര്‍ത്തു: അറസ്റ്റിലായത് മലയാളി യുവാവ്

ബംഗളൂരു: ക്രിസ്‌ത്യൻ പള്ളി അടിച്ചു തകര്‍ത്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. ബംഗളൂരുവിലെ കമ്മനഹള്ളി സെന്റ് പയസ് പള്ളിയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബാനസവാടിയില്‍ താമസിക്കുന്ന ടോം മാത്യു (29) ആണ് പിടിയിലായത്.

ഇന്നലെ പുലര്‍ച്ചെ 4.30നാണ് പള്ളിയുടെ മുൻവാതില്‍ ചുറ്റിക കൊണ്ട് തകര്‍ത്ത് ഇയാള്‍ അകത്ത് കടന്നത്. പിന്നാലെ അകത്തുണ്ടായിരുന്ന ബലിപീഠവും ഉപകരണങ്ങളും തകര്‍ത്തു. ശബ്ദം കേട്ട് ഓടിയെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. യുവാവ് മദ്യലഹരിയില്‍ ആയിരുന്നുവെന്നും ചോദ്യം ചെയ്തപ്പോള്‍ പരസ്‌പര വിരുദ്ധമായാണ് സംസാരിച്ചതെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ കുടുംബ പ്രശ്നങ്ങള്‍ മൂലം മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് കണ്ടെത്തി.

നാല് വര്‍ഷം മുൻപ് മാത്യുവിന്റെ പിതാവ് കുടുംബം ഉപേക്ഷിച്ച്‌ പോയതാണ് അദ്ദേഹത്തെ മാനസികമായി ബാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇയാള്‍ ആക്രമിച്ച പള്ളിയില്‍ മാത്യുവിന്റെ അമ്മ സ്ഥിരമായി പോകാറുണ്ടായിരുന്നു. അടുത്തിടെ മാതാവ് പള്ളിയില്‍ പോകുമ്പോഴെല്ലാം താൻ ദെെവമാണെന്ന് മാത്യു പറയുമായിരുന്നു. ഇയാളുടെ കുടുംബം കേരളത്തില്‍ നിന്നാണെങ്കിലും കഴിഞ്ഞ 30വര്‍ഷമായി ബംഗളൂരുവിലാണ് ഇവര്‍ താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button