
തൃശൂർ: തൃശൂരില്‍ എടിഎം കൗണ്ടറിനു നേർക്കു പടക്കമെറിഞ്ഞ ശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ പാട്ടുരായ്ക്കൽ ഓഫിസിനോടു ചേർന്ന എടിഎം കൗണ്ടറിനു നേർക്ക് പടക്കമെറിഞ്ഞ കേസിൽ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. ഇഎംഐ മുടങ്ങിയതിന് ബാങ്ക് പിഴപ്പലിശ ഈടാക്കിയതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം. കൗണ്ടറിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഉഗ്രശബ്ദം കേട്ടു പരിഭ്രാന്തരായി ആളുകൾ ഓടിക്കൂടിയപ്പോഴേക്കും രതീഷ് രക്ഷപ്പെട്ടിരുന്നു.
രതീഷ് പ്രകാശ് എസി മെക്കാനിക്കാണ്. സംഭവത്തിനു മുൻപ് രതീഷ് ബാങ്കിന്റെ ശാഖയിലെത്തി ജീവനക്കാരുമായി തർക്കിച്ചിരുന്നു. ജനറൽ ആശുപത്രി പരിസരത്തെ പടക്കക്കടയിൽ നിന്നു പടക്കം വാങ്ങി വീണ്ടുമെത്തി എടിഎം കൗണ്ടറിലേക്ക് എറിയുകയായിരുന്നു. ബാങ്കിലെയും എടിഎമ്മിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഒത്തുനോക്കിയപ്പോഴാണു പ്രതിയെ തിരിച്ചറിഞ്ഞത്. നാടൻ പടക്കമാണെറിഞ്ഞത്. കൗണ്ടറിനോ മെഷീനിനോ നാശനഷ്ടമുണ്ടായിട്ടില്ല.
ചൊവ്വാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു സംഭവം. ബൈക്ക് വാങ്ങാനായി രതീഷ് ഒന്നര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് പിഴപ്പലിശ ഈടാക്കിയതുമായി ബന്ധപ്പെട്ട് രതീഷ് ബാങ്കിലെത്തി തർക്കിച്ചിരുന്നു. ഇന്നു രാവിലെ വീണ്ടുമെത്തി തർക്കിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു പടക്കമേറ് എന്നാണ് വിവരം.
Post Your Comments