മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ജില്ലകളുടെയും സംസ്ഥാനങ്ങളുടെയും അതിര്‍ത്തികള്‍ തടസ്സമാകാതെ ദിവസങ്ങളോളം വാഹനത്തില്‍ ചെലവഴിക്കുന്നവരാണ് ലോറി ഡ്രൈവര്‍മാര്‍. ഒരുപക്ഷെ, മറ്റ് ഏത് വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അപേക്ഷിച്ചും വാഹനത്തില്‍ കൂടുതല്‍ സമയം കഴിയുന്നതും ലോറിയുടെ ഡ്രൈവര്‍മാര്‍ തന്നെയായിരിക്കും. ഇത്തരക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ സുപ്രധാന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
2025 മുതല്‍ എല്ലാ ട്രക്കുകളിലും എ.സി. ക്യാബിനുകള്‍ നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ചരക്ക് ഗതാഗത മേഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന ട്രക്കുകളിലെ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനവും വിശ്രമകേന്ദ്രങ്ങളുടെ അഭാവവും മൂലം വലിയ ബുദ്ധിമുട്ടുകളാണ് ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നതെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം.
കടുത്ത ചൂടിലും വലിയ തണുപ്പിലും വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് യാത്രവേളയിലുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങളുടെ ക്യാബിന്‍ എയര്‍ കണ്ടീഷന്‍ ആക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുഖകരമായ ഡ്രൈവിങ് അനുഭവം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഡ്രൈവര്‍മാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതല്‍കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.
ലോറികളില്‍ ഉള്‍പ്പെടെ എ.സി. ക്യാബിനുകള്‍ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കുമെന്നുമാണ് വിലയിരുത്തലുകള്‍.
Post Your Comments