ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സമ്മതമില്ലാതെ ശേഖരിക്കുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി റിയൽമി രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനി പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഫോണിന് മികച്ച ബാറ്ററി ലൈഫ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഉപകരണ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഇന്റലിജൻസ് സേവന ഫീച്ചർ കണക്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ എസ്എംഎസ്, ഫോൺ കോളുകൾ, ഷെഡ്യൂളുകൾ മുതലായ ഒരു ഡാറ്റയും ശേഖരിക്കുന്നില്ലെന്ന് റിയൽമി വ്യക്തമാക്കി. കൂടാതെ, ഡാറ്റകൾ ക്ലൗഡ് പ്ലാറ്റ്ഫോമിൽ പോലും അപ്‌ലോഡ് ചെയ്തിട്ടില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നതിനാൽ, ഡാറ്റാ സുരക്ഷയുടെ രഹസ്യാത്മകത നിലനിർത്താൻ കമ്പനി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും റിയൽമി കൂട്ടിച്ചേർത്തു. ഋഷി ബാഗ്രി എന്ന ഉപഭോക്താവാണ് കഴിഞ്ഞ ദിവസം റിയൽമിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. എൻഹാൻസ്ഡ് ഇന്റലിജൻസ് സർവീസസ് എന്ന ഫീച്ചറിലൂടെ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ഡാറ്റ ചോർത്തുന്നുണ്ടെന്നാണ് ഋഷി ബാഗ്രി ഉന്നയിച്ചത്. കമ്പനി പുതുതായി പുറത്തിറക്കിയ ഹാൻഡ്സെറ്റുകളിലാണ് എൻഹാൻസ്ഡ് ഇന്റലിജൻസ് സർവീസസ് എന്ന ഫീച്ചർ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആരോപണത്തെ തുടർന്ന് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Post Your Comments