Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ബസിന് മുന്നിൽ സിഐടിയു കൊടികുത്തി: അതേബസിന് മുന്നിൽ ലോട്ടറി കച്ചവടവുമായി പ്രവാസിയായിരുന്ന ബസുടമ

കോട്ടയം: ബസിന് മുന്നിൽ കൊടികുത്തി സിഐടിയു സമരം. ജീവിക്കാനായി അതേബസിന് മുന്നിൽ ലോട്ടറി കച്ചവടം തുടങ്ങി ബസുടമയും. തിരുവാർപ്പ് വെട്ടിക്കുളങ്ങര രാജ്മോഹനാണ് സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടം ആരംഭിച്ചത്. കോട്ടയം–തിരുവാർപ്പ് റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിന്റെ ഉടമയാണ് രാജ്മോഹൻ. പ്രവാസിയായിരുന്ന രാജ്മോഹൻ ​ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ബസ് വാങ്ങിയത്.

ഗൾഫിൽ നിന്നു മടങ്ങിയെത്തി ബസ് സർവീസ് തുടങ്ങിയ രാജ്മോഹന് നാലു ബസുകളുണ്ട്. കൂലിവർധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസിനു മുന്നിൽ സിഐടിയു കൊടികുത്തിയത്. ബസിലെ ഒരു തൊഴിലാളി മാത്രമാണ് സമരത്തിലുള്ളത്. മറ്റു മൂന്നു ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഏറ്റവും കലക്‌ഷനുള്ള ബസിന്റെ സർവീസാണ് മുടക്കിയതെന്നു രാജ്മോഹൻ പറയുന്നു. മറ്റു രണ്ടു ബസുകൾ പൂർണനഷ്ടത്തിലും ഒരു ബസ് ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലുമാണു സർവീസ് നടത്തുന്നതെന്നും ഉടമ പറയുന്നു.

‘ടൈംസ് സ്ക്വയർ ലക്കി സെന്റർ’ എന്നാണു ലോട്ടറി വിൽപന കേന്ദ്രത്തിനു പേരിട്ടിരിക്കുന്നത്. മുഖ്യമന്ത്രി ന്യൂയോർക്കിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്തതു ടൈംസ് സ്ക്വയറിലാണ്. ലോട്ടറിക്കച്ചവടം തുടങ്ങിയതു മുഖ്യമന്ത്രി ടൈംസ് സ്ക്വയറിൽ പ്രവാസികളെ അഭിസംബോധന ചെയ്തപ്പോൾ ധരിച്ച തരത്തിലുള്ള കോട്ടും സ്യൂട്ടും അണിഞ്ഞാണ്.

കോട്ടയം ലേബർ ഓഫിസിൽ നടത്തിയ ചർച്ചയിൽ റൂട്ടിലെ കലക്‌ഷനും സാഹചര്യങ്ങളും കണക്കിലെടുത്തു ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ നിർദേശിച്ചിരുന്നു. ഇതുപ്രകാരം ശമ്പളം കൂട്ടി. നിശ്ചിത കലക്‌ഷൻ ലഭിച്ചാൽ കൊടുക്കേണ്ട ബാറ്റ സംബന്ധിച്ചാണു തർക്കം.

ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനാലാണു സമരം നടത്തുന്നതെന്നു മോട്ടർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി.ജെ.വർഗീസ് പറഞ്ഞു. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ള രാജ്മോഹൻ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button