Latest NewsKeralaNews

പീഡനം നടക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്: ഗോവിന്ദന്‍

തിരുവനന്തപുരം : മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. താന്‍ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ട് കെ സുധാകരന്റെ അവസ്ഥ പ്രത്യേകം പറയുന്നില്ലെന്നും എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പോക്‌സോ കേസിലും സുധാകരന്റെ മൊഴിയെടുക്കുന്നതിന് ശ്രമിക്കുകയാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

Read Also: താ​മ​സ​സ്ഥ​ല​ത്ത് അന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി യു​വ​തി പ്ര​സ​വി​ച്ചു

അതേ സമയം, 17 കാരിയെ പീഡിപ്പിച്ച കേസില്‍ മോണ്‍സണ്‍ മാവുങ്കലിന് മരണം വരെ തടവ് ശിക്ഷയാണ് ഇന്നലെ കോടതി വിധിച്ചത്. സ്വന്തം വീട്ടിലെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചതിനും, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയതിനും,18 വയസിന് ശേഷം തുടര്‍ന്നും പീഡിപ്പിച്ചതിനുമാണ് എറണാകുളം പോക്‌സോ കോടതി മോണ്‍സന് കടുത്ത ശിക്ഷ വിധിച്ചത്.

2019 ജൂലൈ മാസമാണ് വീട്ടുജോലിക്കാരിയുടെ മകളെ സ്വന്തം വീട്ടില്‍ വച്ച് മോന്‍സന്‍ പീഡിപ്പിക്കുന്നത്. തുടര്‍ പഠനം വാഗ്ദാനം ചെയ്തും ഭീഷണിപ്പെടുത്തിയുമായിരുന്നു പീഡനം. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതിന് ശേഷവും പീഡനം തുടര്‍ന്നു. 2021 സെപ്റ്റംബറില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്‍സണ്‍ അറസ്റ്റിലായതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കുന്നത്. ജീവന് ഭീഷണിയുണ്ടായിരുന്നത് കൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്തായിരുന്ന ലൈംഗിക ചൂഷണം. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. പൊലീസ് അന്വേഷണത്തില്‍ ചുമത്തപ്പെട്ട 13 വകുപ്പുകളിലും കുറ്റം തെളിഞ്ഞു. 5.25 ലക്ഷം രൂപയാണ് പിഴ. ഇത് പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button