വിദേശ രാജ്യങ്ങളിൽ ആരംഭിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ ഇൻഫിനിറ്റി സെന്ററിന് ദുബായിലും തുടക്കമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ദുബായിലെ താജിൽ വൈകിട്ട് 4 മണിക്കാണ് ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയിൽ ഉദ്ഘാടന ചടങ്ങ് നടക്കുക. സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ആഗോള ഡെസ്ക്കായി പ്രവർത്തിക്കുന്നതാണ്. കേരളത്തിലും വിദേശത്തും സ്വന്തമായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ പ്രവാസി സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് പ്രതിവർഷം 78 ബില്യൺ ഡോളർ വരെ പ്രവാസി സമൂഹം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസികളിലെ സ്റ്റാർട്ടപ്പ് ആശയങ്ങൾ വികസിപ്പിക്കാൻ കേരളം പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. പ്രവാസികൾക്ക് അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തോ, ഇന്ത്യയിലോ വിപണി വിപുലീകരിക്കാനും, പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യാനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇൻഫിനിറ്റി സെന്റർ മുഖാന്തരം ലഭിക്കുന്നതാണ്. യുഎസ്, യുഎഇ, ഓസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇൻഫിനിറ്റി കേന്ദ്രങ്ങൾ ആരംഭിക്കാനാണ് സർക്കാറിന്റെ ലക്ഷ്യം.
Post Your Comments