മറയൂർ: പ്രശസ്ത മലയാള ചലച്ചിത്ര നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരിലെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വ്യത്യസ്തമായ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016-ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു.
തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അദ്ദേഹത്തിന്റെ യഥാർഥ പേര് എം. രവീന്ദ്രൻ നായരെന്നാണ്. നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർക്കുകയായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തിൽ നടി ആയിരുന്നു. മക്കൾ: ലക്ഷ്മി, ഹരികുമാർ.
Post Your Comments