തൃശൂര്‍: ടിക്കറ്റ് ചോദിച്ചതിനെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് ഒഡിഷ സ്വദേശി തള്ളിയിട്ട് കൊലപ്പെടുത്തിയ ടി.ടി.ഇ കെ. വിനോദ് 40 ഓളം സിമിമകളില്‍ വേഷമിട്ടു.
Read Also: അനിൽ ആന്റണി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു, കെട്ടിവെക്കാനുള്ള തുക നൽകിയത് പി സി ജോർജ്
സ്‌കൂള്‍ തലം മുതലേ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു വിനോദ്. നാടകമായിരുന്നു ഇഷ്ട ഇനം. പിന്നെ മിമിക്രി. രണ്ടിലും കൈനിറയെ സമ്മാനങ്ങള്‍ അയാള്‍ സ്വന്തമാക്കി.
സംവിധായകന്‍ ആഷിഖ് അബു വിനോദിന്റെ സഹപാഠികൂടിയാണ്. എറണാകുളം എസ്.ആര്‍.വി സ്‌കൂളില്‍ എട്ടു മുതല്‍ പത്താം ക്ലാസുവരെ അവര്‍ ഒരുമിച്ചാണ് പഠിച്ചത്.
അങ്ങനെ ആഷിഖ് അബുവിന്റെ ചിത്രത്തിലൂടെ തന്നെ വിനോദ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ചിത്രം ഗ്യാങ്സ്റ്റര്‍, അതില്‍ മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയായിട്ടാണ് അഭിനയിച്ചത്. തുടര്‍ന്ന്, തുടരെ ചിത്രങ്ങള്‍ ലഭിച്ചു. വില്ലാളിവീരന്‍, മംഗ്ലീഷ്, ഹൗ ഓള്‍ഡ് ആര്‍ യു, അച്ഛാദിന്‍, എന്നും എപ്പോഴും, വിശ്വാസം അതല്ലേ എല്ലാം, രാജമ്മയോഹു, പെരുച്ചാഴി, മിസ്റ്റര്‍ ഫ്രോഡ്, കസിന്‍സ്,വിക്രമാദിത്യന്‍, പുലിമുരുകന്‍, ലൗ 24×7, ഒപ്പം എന്നിങ്ങനെ പോകുന്നു ചിത്രങ്ങള്‍. 40 ചിത്രങ്ങളില്‍ വേഷമിട്ടു.
കലാലോകത്തെ നിറമാര്‍ന്ന സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് വിനോദ് യാത്രയായത്. ഇക്കഴിഞ്ഞ ജനുവരി 28നായിരുന്നു വിനോദിന്റെ പുതിയ വീടിന്റെ പാലുകാച്ചല്‍.
എറണാകുളം -പട്ന ട്രെയിന്‍ ഇന്നലെ വൈകീട്ട് 7.30ഓടെ തൃശൂര്‍ വെളപ്പായയിലെത്തിയപ്പോഴാണ് വിനോദിനെ ട്രെയിനില്‍നിന്ന് തള്ളിയിട്ടത്. സംഭവത്തില്‍ പ്രതി ഒഡിഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എസ് 11 കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തവേ വാതിലിന് സമീപം നിന്ന രജനീകാന്തിനോട് വിനോദ് ടിക്കറ്റ് ആവശ്യപ്പെട്ടു. റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ലെന്ന് കണ്ട് ചോദിച്ചപ്പോള്‍ പ്രകോപിതനായ രജനീകാന്ത് ചവിട്ടി തള്ളിയിടുകയായിരുന്നുവെന്നാണ് വിവരം.
സമീപത്തെ ട്രാക്കിലേക്ക് തലയടിച്ച് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയും ചെയ്തു. മൃതദേഹം പാദം അറ്റ് ഛിന്നഭിന്നമായ നിലയിലായിരുന്നു. ട്രെയിനില്‍ യാത്ര തുടര്‍ന്ന പ്രതിയെ കോച്ചിലെ യാത്രക്കാര്‍ വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് വെച്ചാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments