
പള്ളിക്കത്തോട്: ചെത്തു പനയിൽ കയറി കള്ള് മോഷ്ടിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. അകലക്കുന്നം നെല്ലിക്കുന്ന് ഭാഗത്ത് തവളപ്ലാക്കൽ വീട്ടിൽ സോമൻ റ്റി ആർ (56) ആണ് അറസ്റ്റിലായത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
മാരാംകുഴി ഭാഗത്തുള്ള തങ്കച്ചൻ എന്നയാളുടെ വീട്ടുവളപ്പിൽ നിന്നിരുന്ന ചെത്തു പനയിൽ നിന്ന് ഇയാൾ മാസങ്ങളോളമായി കള്ള് മോഷ്ടിച്ചു വരികയായിരുന്നു. കള്ള് നഷ്ടമാകുന്നുവെന്ന് സംശയം തോന്നിയ ഉടമ പള്ളിക്കത്തോട് പൊലീസിൽ പരാതി നൽകി.
തുടർന്ന്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് നിരന്തരം കള്ള് മോഷ്ടിച്ചിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളും സുഹൃത്തും ചേർന്ന് മാസങ്ങളായി പനയിൽ നിന്ന് രാത്രിയിൽ എത്തി കള്ള് മോഷ്ടിച്ച് വരികയായിരുന്നു. ഇത്തരത്തിൽ ഇവർ 23,000 ത്തോളം രൂപ വില വരുന്ന 650 ലിറ്ററോളം കള്ള് മോഷ്ടിച്ചതായും പൊലീസ് കണ്ടെത്തി. കൂട്ടൂപ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.
പള്ളിക്കത്തോട് സ്റ്റേഷൻ എസ്ഐ മാത്യു പി ജോൺ, എഎസ്ഐമാരായ റെജി ജോൺ, ജയരാജ്, സിപിഒ പ്രതാപചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments