ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ സ്ത്രീ പേ വിഷബാധയേറ്റ് മരണമടഞ്ഞു. അഞ്ചുതെങ്ങ് അൽഫോൺസാ കോട്ടേജിൽ പരേതരായ വർഗ്ഗീസ് പെരേരയുടെയും ഗട്രൂഡ് പെരേരയുടെയും മകൾ സ്റ്റെഫിൻ വി. പെരേരയാണ് (49) മരിച്ചത്. അക്രമ സ്വഭാവം കാണിച്ചതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയ സ്റ്റെഫിൻ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരണമടഞ്ഞത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന സ്റ്റെഫിൻ നാട്ടിലെത്തി വെെകാതെയാണ് മരണം സംഭവിച്ചത്.
അതേസമയം സ്റ്റെഫിൻ മരണമടഞ്ഞത് പേവിഷബാധയേറ്റെന്നുള്ള സംശയമാണ് ഡോക്ടർമാർ പങ്കുവയ്ക്കുന്നത്. തെരുവ് നായയുടെ കടിയേറ്റിരുന്നെങ്കിലും സ്റ്റെഫിൻ വാക്സിൻ എടുത്തിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. മാത്രമല്ല മരണപ്പെടുന്ന സമയത്ത് സ്റ്റെഫിൻ അക്രമ സ്വഭാവവും കാണിച്ചിരുന്നതായി ആരോഗ്യ പ്രവർത്തകരും പറയുന്നുണ്ട്. കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ നൽകിയിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
സ്റ്റെഫിന് ചാൾസ് എന്നു പേരുള്ള ഒരു സഹോദരനുണ്ട്. അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ ഒറ്റയ്ക്ക് കഴിയുകയായിരുന്ന സഹോദരൻ. ഇദ്ദേഹത്തെ പരിചരിക്കാനാണ് സ്റ്റെഫിൻ ബംഗളൂരുവിൽ നിന്നു നാട്ടിലെത്തിയത്. അവിവാഹിതയായ സ്റ്റെഫിൻ ബംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷനിസ്റ്റാണ്. ജൂൺ ഏഴിന് ചാൾസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആറാം വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഒപ്പം സ്റ്റെഫിനും കൂടെയുണ്ടായിരുന്നു.
ഒൻപതാം തീയതി ആശുപത്രിയിൽ വച്ച് പേവിഷബാധയേറ്റതു പോലുള്ള ചില അസ്വസ്ഥതകൾ സ്റ്റെഫി പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. തുടർന്ന് ഇക്കാര്യം സ്റ്റെഫിൻ്റെ ബന്ധുക്കൾ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ വിശദമായി വിവരങ്ങൾ തിരക്കി. ഈ സമയത്താണ് സ്റ്റെഫിനെ തെരുവ് നായ കടിച്ചിരുന്നു എന്ന വിവരം പുറത്തു വരുന്നത്. അഞ്ചുതെങ്ങിലെ വീട്ടിൽ തെരുവുനായ്ക്കൾ എത്താറുണ്ടായിരുന്നു. വീട്ടുകാർ ഇതിനു ഭക്ഷണവും കൊടുക്കാറുണ്ടായിരുന്നു എന്നാണ് വിവരം. ഭക്ഷണം കൊടുക്കുന്നതിനിടെ ഒരെണ്ണം സ്റ്റെഫിൻ്റെ കൈയ്യിൽ കടിച്ചിരുന്നു എന്നാണ് പറയുന്നത്. അതേസമയം പട്ടി കടിച്ചതിന് ശേഷം സ്റ്റെഫിൻ വാക്സിൻ എടുത്തിരുന്നില്ല എന്നും ബന്ധുക്കൾ വ്യക്തമാക്കി.
പട്ടി കടിച്ചത് വലിയ മുറിവ് അല്ലാത്തതിനാൽ ഇത് കാര്യമാക്കാതെയാണ് സ്റ്റെഫിൻ നടന്നിരുന്നത്. തുടർന്ന് സഹോദരനോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുകയായിരുന്നു. വിവരങ്ങൾ വ്യക്തമായതോടെ ഡോക്ടർമാർ സ്റ്റെഫിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന സ്റ്റെഫിൻ കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ആറിനാണ് മരിച്ചത്.
മരണപ്പെടുന്നതിൻ്റെ അന്നു രാവിലെ സ്റ്റെഫിൻ അക്രമാസക്തയാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഇവരെ സ്ത്രീകളുടെ ജനറൽ വാർഡിലാണ് പ്രവേശിപ്പിക്കുകയായിരുന്നു. അതിനുശേഷം സ്റ്റെഫിനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു എന്നും ആരോഗ്യ പ്രവർത്തകർ പറുന്നു. വെെകുന്നേരത്തോടെ സ്റ്റെഫിൻ മരണമടയുകയായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ഹെലൻ ആൻ്റണി, ഫെറയോളസ്, ഐവി, ഹെൻ്റി, ചാൾസ്, പരേതനായ മാത്യു എന്നിവരാണ് സ്റ്റെഫിൻ്റെ മറ്റു സഹോദരങ്ങൾ.
Post Your Comments