രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും റെക്കോർഡ് ലാഭവിഹിതം നേടി കേന്ദ്ര സർക്കാർ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷം 67 പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 63,056 കോടി രൂപയാണ് സർക്കാറിന് ലാഭവിഹിതമായി ലഭിക്കുന്നത്. ഇത് എക്കാലത്തെയും ഉയർന്ന ലാഭവിഹിതമാണ്. 2021-22 സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും 50,583 കോടി രൂപയായിരുന്നു ലാഭവിഹിതമായി ലഭിച്ചത്. മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 25 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഗെയിൽ ഇന്ത്യ, ഹിന്ദുസ്ഥാൻ കോപ്പർ, ബാമർ ലാറി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ ഇതുവരെ ലാഭവിഹിത കണക്കുകൾ പുറത്തുവിട്ടിട്ടില്ല. ഇവ കൂടി പ്രഖ്യാപിക്കുന്നതോടെ, ലാഭവിഹിതം വീണ്ടും ഉയരുന്നതാണ്. 67 പൊതുമേഖലാ സ്ഥാപനങ്ങളിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ലാഭവിഹിതം 18,000 കോടി രൂപയാണ്. അതേസമയം, സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎൻജിസി, എൻടിപിസി, പവർഗ്രിഡ് കോർപ്പറേഷൻ എന്നിവയുടെ ലാഭവിഹിതം 45,000 കോടി രൂപയാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തത്തെ ആശ്രയിച്ചാണ് ലാഭവിഹിതം തീരുമാനിക്കുന്നത്.
Post Your Comments