തൃശൂര്‍: ഒമ്പത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 73 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 1,85000 രൂപ പിഴയും ഒടുക്കണം. വാടാനപ്പിള്ളി ഇത്തിക്കാട്ട് വീട്ടില്‍ വിനോദിനെ(ഉണ്ണിമോന്‍ 49)യാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എസ്. ലിഷ ആണ് ശിക്ഷ വിധിച്ചത്.
2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി വീടിന്റെ ടെറസില്‍വച്ചും കഞ്ഞി പുരയില്‍ വെച്ചും പല തവണ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷാവിധി. പ്രതിയായ വിനോദ് കൂലി പണിക്കാരനാണ്. പീഡനത്തിന് ഇരയായ അതിജീവിതയുടെ മൊഴി വാടാനപ്പിള്ളി ഇന്‍സ്‌പെക്ടറായിരുന്ന കെ.ആര്‍. ബിജുവിന്റെ നിര്‍ദ്ദേശപ്രകാരം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജിയാണ് രേഖപ്പെടുത്തിയത്. വാടാനപ്പിള്ളി ഇന്‍സ്‌പെകടറായിരുന്ന പി. ആര്‍. ബിജോയിയാണ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്.
കേസിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും തൊണ്ടി മുതലുകളും ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ (പോക്‌സോ ) അഡ്വ. കെഎസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി അഭിഭാഷകരായ അമൃത, സഫ്‌ന എന്നിവരും പൊലീസിനു വേണ്ടി സി.പി.ഒമാരായ സുജീഷും, അനുരാജും ഹാജരായി.
Post Your Comments