പാലക്കാട്: തളർന്നു വീണ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വാളയാർ പോലീസ് ഇൻസ്‌പെക്ടറും പോലീസുകാരനും കാർ തടഞ്ഞ് കാറിലെ യാത്രക്കാർ മദ്യപിച്ചതായി ആരോപിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിൽ നടക്കുന്ന അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
Read Also: ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം, ഇരുപതിലേറെ പേർക്ക് പരിക്ക്
പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. 2022 ഒക്ടോബർ 18 ന് രാത്രിയാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഹൃദയസ്വാമി, ജോൺ ആൽബർട്ട് എന്നിവരുടെ വീട്ടിൽ തളർന്നുവീണ അമ്മയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവമുണ്ടായത്. പോലീസിന്റെ ഇടിയുടെ ആഘാതത്തിൽ എല്ലുപൊട്ടുകയും കാറിലുണ്ടായിരുന്ന ഹൃദയസ്വാമി, ജോൺ ആൽബർട്ട്, ഡെയ്‌സി എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ പാലക്കാട് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് വാങ്ങി. ഹൃദയ സ്വാമിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും 474/22 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിന്റെ അന്വേഷണം ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി നടത്തി വരുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ ക്രൂരമർദ്ദനത്തിന് ഇരയായി നാലുമാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തത് ഉദാസീനതയാണെന്ന് പരാതിക്കാരനായ മാങ്കാവ് അരിമ്പൂക്കാരൻ വീട്ടിൽ റെയ്മന്റ് ആന്റണി സമർപ്പിച്ച പരാതിയിൽ പറയുന്നു.
Post Your Comments