ഹവാന: തന്ത്രപ്രധാന മേഖലകളില്‍ കേരളവും ക്യൂബയും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ മാതൃകാപരമാണ്. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ സര്‍വകലാശാലകള്‍ തമ്മിലുള്ള സാങ്കേതിക ആശയവിനിമയവും സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടികളും ഉള്‍പ്പെടെ കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകളെ സംബന്ധിച്ച് ക്യൂബന്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന അടുത്ത അവസരത്തില്‍ കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം തവണയും ക്യൂബയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഗ്വേല്‍ ഡിയാസ് കനാലിന് മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരളത്തിന് ക്യൂബയോടുള്ള ആഴത്തിലുള്ള മമതയും വിപ്ലവനായകന്മാരായ ഫിഡല്‍ കാസ്ട്രോയോടും ചെ ഗുവേരയോടുമുള്ള ആരാധനയും അദ്ദേഹം ക്യൂബന്‍ പ്രസിഡന്റിനെ അറിയിച്ചു. 1994 ല്‍ അന്താരാഷ്ട്ര ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിനായി ഹവാന സന്ദര്‍ശിച്ച കാര്യവും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു.
Post Your Comments