തിരുവനന്തപുരം: മാന്യമായ ശമ്പളവും അധികാരവുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അത്യാര്‍ത്തി മൂത്ത് കള്ളക്കടത്ത് മാഫിയയുമായി കൈകോര്‍ക്കുന്നതോടെ, സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ സ്വര്‍ണ്ണക്കടത്തിന്റെ നിത്യ കേന്ദ്രങ്ങളാകുന്നു. പിടിയിലാകാതെ കിലോക്കണക്കിന് സ്വര്‍ണം വിമാനത്താവളത്തിനു പുറത്തെത്തിക്കാൻ സുരക്ഷിതപാത ഒരുക്കുന്നത് ഇത്തരം ഉദ്യോഗസ്ഥരാണ്.
കസ്റ്റംസ് ഇൻസ്പെക്ടര്‍മാര്‍ക്ക് മുക്കാല്‍ ലക്ഷം രൂപയാണ് മാസ ശമ്പളം. അലവൻസുകളുമുണ്ട്. സൂപ്രണ്ടിന് ഒരു ലക്ഷം രൂപയ്ക്കടുത്താണ് ശമ്പളം. എന്നാൽ ഇതൊന്നും പോരാതെയാണ് കിമ്പളത്തിന് വേണ്ടി കള്ളക്കടത്തിന് കൂട്ടുനിൽക്കുന്നത്. ഒരു കിലോ സ്വര്‍ണം സുരക്ഷിതമായി കടത്താൻ സഹായിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രതിഫലമായി കിട്ടുന്നത് എഴുപതിനായിരം മുതല്‍ ഒരുലക്ഷം രൂപവരെയാണ്. കള്ളക്കടത്തുകാരില്‍ നിന്ന് മാസപ്പടി വാങ്ങുന്ന ചില ഉദ്യോഗസ്ഥരുമുണ്ട്.
തിരുവനന്തപുരത്ത് 80കിലോ സ്വര്‍ണം കടത്താൻ ഒത്താശ ചെയ്തതിന് രണ്ട് കസ്റ്റംസ് ഇൻസ്പെക്ടര്‍മാരെ ബുധനാഴ്ച രാത്രി ഡി.ആര്‍.ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ്) അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം എയര്‍ ഇന്റലിജൻസ് യൂണിറ്റിലെ ഇൻസ്പെക്ടര്‍മാരായ എസ്.നിഥിൻ, അനീഷ് മുഹമ്മദ് എന്നിവരാണ് പിടിയിലായത്.
കടത്തുകാരുമായുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ ചോര്‍ത്തിയാണ് പിടികൂടിയത്. കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഇപ്പോള്‍ ഒരു പോലെ സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് മാഫിയകള്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് കളങ്കിതരായ ഉദ്യോഗസ്ഥരെ എയര്‍കസ്റ്റംസില്‍ തിരുകിക്കയറ്റുന്നുവെന്ന് ആക്ഷേപമുണ്ട്. ഇവര്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് കടത്ത് ഏറെയും. സ്വര്‍ണക്കടത്തിലെ പങ്കാളിത്തം കണ്ടെത്തി 14 കസ്റ്റംസ് ഉദ്യോഗസ്ഥരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. രണ്ടു ഡസനോളം പേര്‍ക്കെതിരേ കേസുമെടുത്തിരുന്നു. എന്നിട്ടും ഒത്താശയ്ക്കും കടത്തിനും കുറവില്ല.
ഫോണുകള്‍ നിരീക്ഷണത്തിലാക്കിയിട്ടും വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഏരിയ സി.സി ടിവി വലയത്തിലാക്കിയിട്ടും ചില ഉദ്യോഗസ്ഥര്‍ കടത്തുകാര്‍ക്ക് കൂട്ടുനില്‍ക്കുന്നു. കസ്റ്റംസ് പിടിക്കാതെ വിട്ട സ്വര്‍ണം ഡി.ആര്‍.ഐയുടേയും പൊലീസിന്റെയും പരിശോധനയില്‍ ഇടയ്ക്ക് പിടികൂടാറുണ്ട്.
കള്ളക്കടത്ത് തടയാനുള്ള പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കടത്തിന് പലപ്പോഴും വഴിയൊരുക്കുന്നത്. സ്കാനര്‍ പരിശോധനയില്‍ കണ്ണടച്ചാണ് സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നത്. സംശയമുള്ള ബാഗുകളില്‍ ഉദ്യോഗസ്ഥര്‍ അടയാളമിട്ടശേഷം പിടിച്ചെടുത്ത് വിശദമായി പരിശോധിക്കുകയാണ് വേണ്ടത്. സ്വര്‍ണക്കടത്തുകാര്‍ക്ക് ‘വേണ്ടപ്പെട്ട’ കസ്റ്റംസുകാര്‍ പരിശോധന നടത്തില്ല. കസ്റ്റംസ് അറൈവല്‍ ഹാളിലെ എക്സ്‌റേ പോയിന്റിലെത്തി മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാതെ പുറത്തുവരാൻ സഹായിക്കുന്നു
അതേസമയം, 1965ലെ സെൻട്രല്‍ സിവില്‍ സര്‍വീസസ് (ക്ലാസിഫിക്കേഷൻ, കണ്‍ട്രോള്‍ ആൻഡ് അപ്പീല്‍) റൂള്‍-19 പ്രകാരം സ്വര്‍ണക്കടത്തിന് ഒത്താശചെയ്താല്‍ സര്‍വീസില്‍ നിന്ന് നീക്കംചെയ്യാം.
Post Your Comments