ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പിൽ ക്രൈംബ്രാഞ്ചിന്റെ മെല്ലെപോക്ക് തുടരുന്നു. നിലവിൽ, തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടെത്താൻ ബഡ്സ് നിയമപ്രകാരം ഉത്തരവ് ഇറക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ബിനാമികളുടെ സമ്പാദ്യം കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. അന്വേഷണം ഡയറക്ടർ ബോർഡ് അംഗങ്ങളിൽ മാത്രമായി ഒതുങ്ങുന്നുണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം. 216 കോടി രൂപയുടെ തട്ടിപ്പാണ് ബിഎസ്എൻഎൽ സഹകരണ സംഘം വഴി നടന്നിട്ടുള്ളത്. ഇതുവരെ, സഹകരണ സംഘം ഭാരവാഹികളായ അഞ്ച് പേരുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ സംഘത്തിലെ ഡിവൈഎസ്പി സജാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
മുഖ്യപ്രതികളായ സംഘം പ്രസിഡന്റ് ഗോപിനാഥ്, സെക്രട്ടറി പ്രദീപ് കുമാർ, ക്ലാർക്ക് രാജീവ് എന്നിവരുടെ പേരിലുള്ള സ്വത്തുക്കളിൽ ചിലത് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പ്രതികളുമായി ബന്ധപ്പെട്ടുള്ള സ്വത്ത് വിവരം മാത്രമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. പകരം, ബിനാമി ഇടപാടുകളിലേക്കോ ഇവരുടെ അറസ്റ്റിലേക്കോ ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. ബഡ്സ് നിയമം അനുസരിച്ച്, പ്രതികളുടെ സ്വത്തുക്കൾ കണ്ടെത്തി ലേലം ചെയ്തിട്ടില്ലെങ്കിൽ, പ്രതികൾക്ക് നിയമപരമായി ചോദ്യം ചെയ്യാനുള്ള സാഹചര്യമുണ്ട്. അതിനാൽ, ഇതുമായി ബന്ധപ്പെട്ടുള്ള കാലതാമസം ഒഴിവാക്കണമെന്ന് നിക്ഷേപകർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സഹകരണ സംഘം തട്ടിപ്പിൽ ഇതാദ്യമായാണ് ബഡ്സ് നിയമപ്രകാരം സ്വത്ത് കണ്ടെത്തുന്നതിനായി സർക്കാർ ഉത്തരവിറക്കുന്നത്.
Post Your Comments