അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് കരതൊട്ടു. കരയിലേക്ക് പൂർണ്ണമായും പ്രവേശിക്കാൻ ഇനിയും ഒരു മണിക്കൂറോളം സമയമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് അർദ്ധ രാത്രിയോടെയാണ് അതിശക്തമായി ചുഴലിക്കാറ്റ് വീശിയടിക്കുക. നിലവിൽ, ഒരു ലക്ഷത്തിലധികം ആളുകളെ ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാതയിൽ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മണിക്കൂറിൽ 115 കിലോമീറ്റർ മുതൽ 125 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. വരും മണിക്കൂറുകളിൽ കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിന്റെ തീരമേഖലയിലെ 8 ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ, തീരദേശ മേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.
ബിപോർജോയ് കരയിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗർ എന്നീ മേഖലകളിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കച്ചിൽ നിന്നാണ് ഏറ്റവും അധികം ആളുകളെ മാറ്റി താമസിപ്പിച്ചിരിക്കുന്നത്. കൂടാതെ, സൗരാഷ്ട്ര- കച്ച് മേഖലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ രാജ്യത്തിന്റെ 3 സൈനിക വിഭാഗങ്ങളും സർവ്വസജ്ജരായിട്ടുണ്ട്.
Post Your Comments