മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനിടെ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ചൂരാചന്ദ്പൂരിലും, കാങ്കോപോക്പിയിലുമാണ് കലാപകാരികളുടെ നേതൃത്വത്തിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അധികൃതരുടെ നേതൃത്വത്തിൽ സമാധാനം പുനസ്ഥാപിക്കാനുള്ള അതീവ ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് വീണ്ടും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൂരാചന്ദ്പൂരിൽ 22 വയസുള്ള യുവാവാണ് കൊല്ലപ്പെട്ടത്. അക്രമികൾ ചെറു ഗ്രൂപ്പുകളായി മറുവിഭാഗങ്ങൾ താമസിക്കുന്നിടത്ത് എത്തിയതോടെയാണ് വീണ്ടും സംഘർഷം ഉണ്ടായത്. അക്രമികളുടെ നേതൃത്വത്തിൽ ചെറിയ തോതിലുള്ള ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. നിലവിൽ, ആക്രമണത്തിൽ പരിക്കേറ്റവരെ ഇംഫാൽ ഈസ്റ്റിലെ രാജ് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മെയ്തേയ് സമുദായത്തിന്റെ പട്ടികവർഗ്ഗ പദവി ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മെയ് 3 മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരുമാസത്തോളം നീണ്ടുനിന്ന വംശീയ കലാപത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments