കണ്ണൂർ: കണ്ണൂര്‍ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കള്‍ കടിച്ചുകൊന്ന 11കാരന്‍ നിഹാല്‍ നൗഷാദിന്‍റെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നിഹാലിന്റെ മരണം സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. നിരവധി പേരാണ് ദാരുണസംഭവത്തിൽ പ്രതികരണമറിയിച്ച് രംഗത്തെത്തുന്നത്. ഒന്നുറക്കെ കരയാൻ പോലും കഴിവില്ലാത്ത പൈതലിനെ കടിച്ചു കൊന്ന ജീവിയെ പോലും തല്ലാനോ കൊല്ലാനോ പാടില്ലാത്തയിടത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഡോ. ഷിംന അസീസ് ഫേസ്‌ബുക്കിൽ കുറിച്ചു. തെരുവുനായ ആയാലും ആനയായാലും കാട്ടുപോത്തായാലും മനുഷ്യനെ ഉപദ്രവിച്ച് തുടങ്ങിയാൽ അവയെ തുരത്താനുള്ള വഴി നോക്കുക തന്നെ വേണമെന്ന് ഷിംന തന്റെ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
അതേസമയം, വിദേശത്തുള്ള അച്ഛൻ നൗഷാദ് മകന്‍റെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയിൽ നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്. മുഖത്തും ശരീരത്തുമെല്ലാം മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു.
ഷിംന അസീസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
കണ്ണൂർ മുഴപ്പിലങ്ങാട് സംസാരശേഷിയില്ലാത്ത പതിനൊന്ന് വയസ്സുകാരനെ തെരുവുനായകൾ കടിച്ച് കൊന്നു. വൈകുന്നേരം മുതൽ കുഞ്ഞിനെ കാണാനില്ലായിരുന്നു. പൊലീസും ബന്ധുക്കളും വീട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ചലനമറ്റ രീതിയിൽ ദേഹമാസകലം മുറിവുകളുമായി കുട്ടിയെ കണ്ടെത്തുകയായിരുന്നത്രേ… ഒന്നുറക്കെ കരയാൻ പോലും കഴിവില്ലാത്ത പൈതലിനെ കടിച്ചു കൊന്ന ജീവിയെ പോലും തല്ലാനോ കൊല്ലാനോ പാടില്ലാത്തയിടത്താണ് നമ്മൾ ജീവിക്കുന്നത്.
തെരുവുനായ ആയാലും ആനയായാലും കാട്ടുപോത്തായാലും മനുഷ്യനെ ഉപദ്രവിച്ച് തുടങ്ങിയാൽ അവയെ തുരത്താനുള്ള വഴി നോക്കുക തന്നെ വേണം. അത് കഴിഞ്ഞ് ബാക്കിയുള്ള മൃഗസ്‌നേഹമൊക്കെയേ ആവശ്യമുള്ളൂ… ഉറക്കം വരാതെ ഫേസ്‌ബുക്ക് സ്‌ട്രീമിൽ നോക്കിയിരുന്നപ്പോൾ കണ്ടുപോയ വാർത്തയാണ്. വേണ്ടിയിരുന്നില്ല… ഇന്നിനി ഉറങ്ങാനാവില്ല. ആ കുടുംബത്തിന് സഹിക്കാനുള്ള ശേഷിയുണ്ടാകട്ടെ… നിഹാലിന് ആദരാഞ്ജലികൾ.
Post Your Comments