മാന്നാർ: ‘ഇതിന് പുറകേനടക്കാൻ പറ്റില്ല. ലോട്ടറി വിറ്റെങ്കിലേ എനിക്ക് ജീവിക്കാൻ പറ്റൂ’- അശ്രദ്ധമായി കാറോടിച്ചതിന് നോട്ടീസ് കിട്ടിയ മുരുകൻ പറഞ്ഞതാണ് ഇത്. ചെയ്യാത്ത നിയമ ലംഘനത്തിന് ലോട്ടറി വില്‍ക്കുന്ന മുരുകന് നഷ്ടമായത് രണ്ട് ദിവസത്തെ കച്ചവടമാണ്. എന്നിരുന്നാലും കച്ചവടം മുടക്കി പോലീസ് സ്റ്റേഷൻ കയറേണ്ടിവന്നെങ്കിലും ആയിരം രൂപ പെറ്റിയിൽ നിന്ന് ഒഴിവായ ആശ്വാസത്തിലാണ് മുരുകൻ. സൈക്കിൾ മാത്രം ഓടിക്കാനറിയുന്ന ആലപ്പുഴ മാന്നാർ സ്വദേശിയായ മുരുകന് അശ്രദ്ധമായി കാർ ഓടിച്ചതിന് ആണ് നോട്ടീസ് ലഭിച്ചത്.
പിന്നാലെ, നോട്ടീസ് അയച്ചത് മുരുകന്റെ ഉടമസ്ഥതയിലുള്ള കാർ ആയതിനാലാണെന്നും മുരുകന്റെ മകനാണ് അശ്രദ്ധമായി കാർ ഓടിച്ചതെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ, മാധ്യമങ്ങൾ ഈ വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്തെന്ന തരത്തിലും വിമർശനങ്ങളുണ്ടായിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങൾ എല്ലാം കള്ളമാണെന്ന് മുരുകന്‍ പറയുന്നു. മകന് കാറില്ല, തനിക്ക് സൈക്കിളല്ലാതെ ഒന്നും ഓടിക്കാനറിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറ് വർഷം മുമ്പ് ക്യാൻസർ ബാധിച്ച് ഭാര്യ മരിച്ചു. രണ്ടു മക്കളുണ്ടെങ്കിലും നിലവിൽ ഒറ്റക്കാണ് വീട്ടിൽ താമസം. കാർ വാങ്ങാൻ പോയിട്ട്, അന്നന്നത്തെ ചെലവിനുള്ളത് കണ്ടെത്താൻ തന്നെ മുരുകൻ പ്രയാസപ്പെടുകയാണെന്ന് അയൽക്കാരും പറയുന്നു. ഇത്തരത്തിൽ ഒരു പെറ്റി വന്നത് അതിശയമെന്നാണ് അയൽക്കാർ പറയുന്നത്.
നോട്ടീസ് വന്നപ്പോള്‍ മനസ്സമാധാനം നഷ്ടപ്പെട്ട മുരുകൻ മാന്നാർ പോലീസ് സ്റ്റേഷനിൽ പോയി വിവരം ധരിപ്പിച്ചിരുന്നു. അടുത്ത ദിവസം റാന്നി പോലീസ് സ്റ്റേഷനിലെത്തിയും തനിക്ക് കാർ ഓടിക്കാനറിയില്ലെന്നും താൻ റാന്നി ഭാഗത്തേക്കു പോയിട്ടില്ലെന്നും ബോധ്യപ്പെടുത്തി. തുടർന്ന് പെറ്റിയിൽ നിന്ന് പോലീസ് മുരുകനെ ഒഴിവാക്കി.
‘ഇതിന് പുറകേ നടക്കാൻ പറ്റില്ല. ലോട്ടറി വിറ്റെങ്കിലേ എനിക്ക് ജീവിക്കാൻ പറ്റൂ. തെറ്റു പറ്റി, പെറ്റിയില്ല പോയിക്കോളൂ എന്ന് പോലീസ് പറഞ്ഞു. മക്കൾക്ക് കാറില്ല, ബൈക്ക് ഉണ്ടായിരുന്നു. ദിവസം അറുപത് ലോട്ടറി വിറ്റാണ് എന്റെ ചെലവ് കഴിയുന്നത്’- മുരുകൻ പറഞ്ഞു.
Post Your Comments