ബെയ്ജിങ്: രാജ്യത്ത് തുടരുന്ന അവസാന ഇന്ത്യൻ മാധ്യമ പ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോർട്ടറോടാണ് രാജ്യംവിട്ടുപോകാൻ ചൈനീസ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങളുടെ റിപ്പോർട്ടർമാരായിരുന്നു ചൈനയിൽ ഉണ്ടായിരുന്നത്.
പിടിഐയെ കൂടാതെ ദ് ഹിന്ദുസ്ഥാൻ ടൈംസ്, പ്രസാർ ഭാരതി, ദ് ഹിന്ദു എന്നീ മാധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചൈനയിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ നേരത്തേ ചൈനയിൽനിന്നു മടങ്ങി. പ്രസാർ ഭാരതി, ദ് ഹിന്ദു എന്നിവയിലെ രണ്ടു പേരുടെ വീസ പുതുക്കാൻ ഏപ്രിലിൽ ചൈന തയാറായില്ല. പിന്നാലെയാണു നാലാമത്തെ മാധ്യമപ്രവർത്തകനോടും ഈ മാസം തന്നെ മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.
അതേസമയം, മാധ്യമപ്രവർത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാൻ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേർണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ.
Post Your Comments