ജീവിതത്തിൽ തിരിച്ചറിവുണ്ടായ ഘട്ടത്തിൽ താൻ ബുദ്ധനെ ആരാധിച്ചുതുടങ്ങുകയായിരുന്നുവെന്ന് നടൻ സലിം കുമാർ. ബുദ്ധ മതത്തിൽ ചേരുന്നതിനായി താൻ ശ്രീലങ്കയിൽ പോയിരുന്നുവെന്നും, എന്നാൽ ബുദ്ധനെ ആരാധിക്കാൻ ബുദ്ധമതത്തിൽ ചേരേണ്ടതില്ലെന്ന തിരിച്ചറിവ് ഉണ്ടായതോടെ തിരികെ പോരുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയായിരുന്നു താരം. താനിപ്പോൾ അമ്പലങ്ങളിലും ക്രിസ്ത്യൻ പള്ളികളിലുമൊന്നും പോകാറില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദൈവങ്ങൾക്കും പണമാണ് വേണ്ടതെന്നും ദൈവത്തിന് ജീവിക്കാൻ മനുഷ്യരുടെ പണം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. ദൈവത്തിന് നമ്മളോട് നേരിട്ട് സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ സലിം കുമാർ, പൂജാരിയോ മൊല്ലാക്കയോ പള്ളീലച്ചനോ ആണ് നമുക്ക് വേണ്ടി ദൈവത്തോട് സംസാരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ചെറുപ്പത്തിൽ തന്റെ ഉള്ളിലേക്ക് അടിച്ചെല്പിച്ച ചില വിശ്വാസങ്ങളിൽ ഒന്നും ഇപ്പോൾ താൻ വിശ്വസിക്കുന്നില്ലെന്നും സലിം കുമാർ വ്യക്തമാക്കുന്നു.
‘ഞാൻ അമ്പലങ്ങളിലൊക്കെ പോയിരുന്നു, ഇപ്പോൾ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും, എല്ലായിടത്തും പൈസ ആണ് വേണ്ടത്. ദൈവത്തിന് ജീവിക്കണമെങ്കിൽ മനുഷ്യന്റെ കാശ് വേണം. പിന്നെ ദൈവത്തിന്റെ ജോലിയെന്താണ്? ചെറുപ്പത്തിലേ നമ്മളിലേക്ക് അടിച്ചെൽപ്പിച്ച വിശ്വാസങ്ങളെല്ലാം അർത്ഥശൂന്യമാണെന്ന് തോന്നിയിട്ടുണ്ട്. ദൈവത്തിന്റെ പേര് പറഞ്ഞ്, ദൈവത്തെ വിറ്റ് ജീവിക്കുന്ന കുറെ ആൾക്കാർ ഉണ്ട്. ശബരിമലയിൽ 18 വർഷം പോയിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളിലും പോകാറുണ്ടായിരുന്നു. അവിടെയെത്തുമ്പോഴാണ് മനസിലാവുക പൈസയുടെ പരുപാടിയെന്താണെന്ന്’, സലിം കുമാർ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments