കൊല്ലം: ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ മലദ്വാരം വഴി കടത്തിയ യുവാവ് അറസ്റ്റിൽ. കര്‍ണാടകത്തില്‍നിന്നു കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. കരിക്കോട് മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍ താമസിക്കുന്ന ശക്തികുളങ്ങര സ്വദേശി നിഖില്‍ സുരേഷ് (30), ഉമയനല്ലൂര്‍ പറക്കുളം വലിയവിള വീട്ടില്‍ മണ്‍സൂര്‍ റഹിം (31) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൊട്ടിയത്ത് വെച്ചായിരുന്നു ഇവരെ പിടികൂടിയത്.
ലക്ഷങ്ങള്‍ വിലവരുന്ന 55 ഗ്രാമിലേറെ രാസലഹരിയാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. നിഖില്‍ സുരേഷിന്റെ പക്കല്‍നിന്ന് 27 ഗ്രാമും മൻസൂറിന്റെ പക്കൽ നിന്ന് 27.4 ഗ്രാം രാസലഹരിയുമാണ് പിടികൂടിയത്. മൻസൂറിന്റെ മലദ്വാരത്തിൽ നിന്നായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. അന്തർസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കുടുങ്ങിയത്.
ശനിയാഴ്ച രാവിലെ ഒന്‍പതോടെ കൊട്ടിയം ജങ്ഷനില്‍ ബസ് തടഞ്ഞു നിർത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പരിശോധനയില്‍ നിഖിലിന്റെ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ചനിലയിലാണ് 27 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇയാള്‍ സ്ഥിരമായി എം.ഡി.എം.എ ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് പെണ്‍സുഹൃത്തിന്റെ സഹായത്തോടെയാണ് ഇയാള്‍ക്ക് എം.ഡി.എം.എ ലഭിച്ചതെന്നാണ് പോലീസ് പറയുന്നത്. മൻസൂറിനെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് ശരീരത്തിനകത്ത് ഉള്ളതായി കണ്ടത്. ഏഴ് ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
Post Your Comments