കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ – എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നും ഇതിന് മുൻപും കേസെടുത്തിട്ടുണ്ടെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. മാദ്ധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്തത് ഗൂഡാലോചനയുടെ ഭാഗമായതിനാലാണെന്നും ഗൂഡാലോചനകൾ കൈകാര്യം ചെയ്യപ്പെടണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
‘കേസിന്റെ മെറിറ്റിലേയ്ക്ക് പോകുന്നില്ല. ഇത് മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളുമായി താരതമ്യപ്പെടുത്തേണ്ട. മാദ്ധ്യമ പ്രവർത്തക വാർത്ത റിപ്പോർട്ട് ചെയ്തത് ഗൂഡാലോചനയുടെ ഭാഗമായാണ്. വെറുതെ അത്തരത്തിലൊരു വാർത്ത വരില്ല. ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. സർക്കാർ – എസ്എഫ്ഐ വിരുദ്ധ ക്യാമ്പയ്‌നിന്റെ പേരിൽ നടന്നാൽ മാദ്ധ്യമങ്ങൾക്കെതിരെയും കേസെടുക്കും’, എംവി ഗോവിന്ദൻ വ്യക്തമാക്കി.
വ്യാജരേഖ കേസ്, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ. വിദ്യ
മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. മഹാരാജാസ് കോളേജിലെ ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറാണ് കേസിൽ ഒന്നാംപ്രതി. പ്രിൻസിപ്പൽ ഡോ. വി എസ് ജോയ് രണ്ടാം പ്രതിയും കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയുമാണ്. കേസിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി സിഎ ഫൈസൽ നാലാംപ്രതിയും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാർ അഞ്ചാം പ്രതിയുമാണ്.
Post Your Comments